ഗുരുവായൂർ : ദേവസ്വം ആനത്തറവാടിന്റെ പെരുമ ലോകനെറുകയിലെത്തിച്ച ഗജരാജൻ കേശവന്റെ സ്മരണയിൽ ഇളംതലമുറക്കാർ ഒത്തുചേർന്നു. ഇന്നലെ രാവിലെയാണ് ദേവസ്വത്തിലെ ആനകൾ ഗജരാജൻ കേശവന്റെ പ്രതിമയ്‌ക്ക് ചുറ്റും ഒത്തുകൂടിയത്. രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്ന് കേശവന്റെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്‌മരണ ചടങ്ങുകൾ തുടങ്ങിയത്. ഘോഷയാത്ര തുടങ്ങുന്നതിന് മുമ്പ് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ വിഭവസമൃദ്ധമായ ആനയൂട്ടും നൽകി.
ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഗജരാജൻ കേശവന്റെയും, കൊമ്പൻ ബൽറാം ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചു. മഞ്ജുളാൽ വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര ഗുരുവായൂരപ്പനെ വണങ്ങി തീർത്ഥക്കുളം പ്രദക്ഷിണം ചെയ്താണ് തെക്കേ നടയിലുള്ള കേശവന്റെ പ്രതിമയ്‌ക്ക് മുന്നിലെത്തിയത്. സ്മരണ പുതുക്കി പത്മനാഭൻ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചു. മറ്റ് ആനകൾ കേശവന്റെ പ്രതിമയ്‌ക്ക് അഭിമുഖമായി നിരന്നു നിന്നു. ദേവസ്വം ഭരണ സമിതി ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലയ്‌ക്കൽ വേണുഗോപാൽ, പി. ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ആയിരക്കണക്കിനാളുകൾ കേശവന്റെ അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഘോഷയാത്രയിൽ പങ്കെടുത്ത ആനകൾക്ക് കരിമ്പ്, ശർക്കര, പഴം തുടങ്ങിയ വിഭവസമൃദ്ധമായ ആനയൂട്ടും നടത്തി.