തൃശൂർ : അടിക്കടിയുള്ള പരിഷ്‌കാരങ്ങളിലും സമയ മാറ്റത്തിലും വലയുകയാണ് റെയിൽവേ യാത്രക്കാർ. വൈകീട്ട് ആറിന് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിൻ ആറരക്കാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലയുന്നത്. ഇതിനെതിരെ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ റെയിൽവേക്ക് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ വൈകീട്ട് 3.10 ന് തൃശൂർ വിടുന്ന വേണാട് എക്‌സ്പ്രസ് കഴിഞ്ഞാൽ പിന്നെ എറണാകുളം ഭാഗത്തേക്ക് എല്ലാ സ്റ്റോപ്പുകളിലും നിറുത്തുന്ന വണ്ടി എത്തുന്നത് നിലമ്പൂർ പാസഞ്ചർ തീവണ്ടി മാത്രമാണ്. ഇതാണ് ആറരയാക്കിയത്. തെക്കോട്ടുള്ള യാത്രക്കാർ മൂന്നര മണിക്കൂറോളം കാത്തിരിക്കേണ്ട ഗതികേടിലാണ്. സർക്കാർ സർവീസിലടക്കമുള്ള ജോലിക്കാർ ഏറെ ആശ്വാസകരമായിരുന്നു നിലമ്പൂർ-കോട്ടയം പാസഞ്ചർ. സ്ത്രീകളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. പലർക്കും ട്രെയിൻ ഇറങ്ങി ബസുകളിലും മറ്റും യാത്ര ചെയ്ത് വേണം വീടുകളിലെത്താൻ.

സമയം വൈകിയതോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നില്ല. ട്രാക്കിലെ അറ്റകുറ്റ പണികളും സമയക്രമം പാലിക്കാതെയുള്ള ഓട്ടവും മൂലം ഏറെ ദുരിതത്തിലായിരുന്നു യാത്രക്കാർ. ഇത് പരിഹരിച്ച് വരുന്നതിനിടയിലാണ് വീണ്ടും ദുരിതം സമ്മാനിച്ച് സമയ മാറ്റം വരുത്തിയത്. ഇതിനിടയിൽ എക്‌സ്പ്രസ് ട്രെയിനിൽ ലേഡീസ് ഓൺലി കമ്പാർട്ട്‌മെന്റ് ഒഴിവാക്കുന്ന നീക്കവും സജീവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകിയ റെയിൽവേ ബഡ്ജറ്റിന് ഘടകവിരുദ്ധമായ നടപടിയാണിതെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.

ജർമ്മൻ നിർമ്മിതമായ എൽ.എച്ച്.ബി കോച്ചുകളാണ് എക്‌സ്പ്രസ് ട്രെയിനുകളിൽ ഇനി മുതൽ സജ്ജമാക്കുന്നത്. പാഴ്‌സൽ വാൻ സൗകര്യമുള്ള എസ്.എൽ.ആർ കോച്ചിന്റെ ഒരു ഭാഗമാണ് നേരത്തെ ലേഡീസ് ഓൺലി കോച്ചുകളായി അനുവദിച്ചിരുന്നത്. എന്നാൽ പുതുതായി തുറക്കുന്ന എൽ.എച്ച്.ബി കോച്ചുകളിൽ എസ്.എൽ.ആർ സംവിധാനമില്ല. ഇതിനാൽത്തന്നെ ലേഡീസ് ഓൺലി കമ്പാർട്ട്മെന്റിന് പകരം ദീർഘദൂര ട്രെയിനുകളിൽ സ്ത്രീകൾക്കുള്ള സീറ്റുകൾ ജനറൽ കോച്ചിൽ പ്രത്യേകമായി തിരിച്ചിടുകയാണ് ചെയ്യുകയെന്നും പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവുകൾ വന്നിട്ടില്ലെന്നും പറയുന്നു.

പരിഹാരം കാണണം

തൃശൂരിൽ 5.20 ന് എത്തുന്ന പാലക്കാട് തിരുനെൽവേലി പാലരുവി എക്‌സ്പ്രസിന് കൂടുതൽ സ്റ്റോപ്പ് അനുവദിച്ച് ഇതിന് താത്കാലിക പരിഹാരം കാണണം. വടക്കാഞ്ചേരി, പൂങ്കുന്നം, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണം. തിരുവനന്തപുരം ഡിവിഷൻ ഇതു സംബന്ധിച്ച് നേരത്തെ ശുപാർശ ചെയ്തിട്ടുണ്ട് . ഇത് നടപ്പിലാക്കണം.

(പി. കൃഷ്ണകുമാർ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ) . . . .