ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. വ്രതശുദ്ധിയോടെ പുണ്യം തേടി ഭക്തജനലക്ഷങ്ങളാണ് ഇന്ന് ഗുരുപവന പുരിയിലെത്തുക. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദേവഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഈ ദിവസമാണെന്നാണ് സങ്കല്പം. ശ്രീകൃഷ്ണൻ അർജുനന് ഗീത ഉപദേശിച്ച ദിവസവും ഏകാദശി നാളിലായതിനാൽ ഗീതാ ദിനമായും ആഘോഷിക്കുന്നു.
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചതും ഏകാദശി ദിനത്തിലാണ്. നിരവധി പുണ്യസംഭവങ്ങളുടെ സംഗമമാണ് ഈ ദിനം.
ഗജരാജൻ ഗുരുവായൂർ കേശവൻ ഗുരുവായൂരപ്പനിൽ വിലയം പ്രാപിച്ചതും ഏകാദശി ദിനത്തിലെ പ്രഭാതത്തിലാണ്. വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിൽ വരുന്ന ഗുരുവായൂർ ഏകാദശി പാപങ്ങളെ നശിപ്പിക്കാൻ പര്യാപ്തമാകുമെന്നാണ് വിശ്വാസം. ഏകാദശി വ്രതം നോറ്റാണ് ഭക്തർ എത്തുന്നത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ പ്രവേശിപ്പിക്കുക. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ഗോതമ്പ് ചോറ്, കാളൻ, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങൾ.
ഇന്ന് ദേവസ്വം വകയാണ് ഉദയാസ്തമന പൂജയോട് കൂടിയുള്ള വിളക്കാഘോഷം. രാവിലെ കാഴ്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ട്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നെള്ളിപ്പുമുണ്ടാകും.