gvr-temple-depalankara
ഗുരുവായൂർ ക്ഷേത്രം വൈദ്യുതി ദീപപ്രഭയിൽ

ഗുരുവായൂർ: ക്ഷേത്രവും പരിസരവും ഏകാദശി ആഘോഷത്തിന്റെ ദീപപ്രഭയിൽ. എവിടെ നോക്കിയാലും നാമജപവുമായി ഭക്തന്മാർ. ചെമ്പൈ സംഗീതവേദിയിൽ രാപ്പകലില്ലാതെ സംഗീതക്കച്ചേരികൾ. ക്ഷേത്രത്തിന്റെ നാല് നടകൾക്ക് പുറത്ത് വഴിയോരക്കച്ചവടക്കാരും കാർണിവൽ സംഘവും. ഗുരുവായൂരിൽ ആഘോഷത്തിൽ പങ്കാളികളായി പതിനായിരങ്ങൾ എത്തിക്കഴിഞ്ഞു.

ഇന്നലെ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ ദശമി വിളക്കായിരുന്നു. രാവിലെ മേളത്തോടെ കാഴ്ചശീവേലി, ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, അർദ്ധരാത്രിയോടെ നെയ്‌വിളക്കുകൾ തെളിയിച്ച് വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ഇന്ന് രാവിലെ മുതൽ ഏകാദശി ആഘോഷം ദേവസ്വം വകയാണ്. ഒരു മാസത്തിന് ശേഷം ഇന്ന് ഉദയാസ്തമന പൂജയോടെയാണ് ആഘോഷം. ഉദയാസ്തമന പൂജാ ചടങ്ങുകൾ രാവിലെ എട്ടോടെ ആരംഭിക്കും.

പെരുവനം കുട്ടൻ മാരാരുടെ മേളത്തോടെ കാഴ്ചശീവേലി രാവിലെ ഏഴിന്. രാവിലെ ഒമ്പതിന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പുണ്ടാകും. തിരിച്ചെഴുന്നള്ളിപ്പ് നാഗസ്വരത്തിന്റെ അകമ്പടിയിൽ പതിനൊന്നോടെ ക്ഷേത്രത്തിലെത്തും. കൂത്തമ്പലത്തിൽ ഗീതാജ്ഞാനയജ്ഞം, ആദ്ധ്യാത്മിക ഹാളിൽ ഭാഗവത പാരായണം, ഭഗവതി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക വേദിയിൽ പുലർച്ചെ നാലര മുതൽ ഭക്തിപ്രഭാഷണം എന്നിവയുണ്ടാകും. വൈകിട്ട് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥഘോഷയാത്ര, ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കും. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും നടത്തിവന്നിരുന്ന ഏകാദശി വിളക്ക് ഇന്നലെ സമാപിച്ചു. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം ഇന്ന് രാത്രി സമാപിക്കും. . .