steel-bridge
നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണലൂർ വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ പാലം.

കാഞ്ഞാണി: മണലൂർ വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്റ്റീൽപ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. സി.എൻ ജയദേവൻ എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് നിർമ്മാണം. ഗവ. സ്ഥാപനമായ കെല്ലിനാണ് നിർമ്മാണ ചുമതല. ഏനാമാവ് പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലത്തിനായി വെള്ളത്തിലും കരയിലുമായി എട്ട് കാലുകൾ നിർമ്മിച്ചിട്ടുള്ളത്. ഒന്നര മീറ്റർ വീതിയാണ് പാലത്തിനുള്ളത്. മൂന്ന് വർഷം മുമ്പ് തുടങ്ങിയ നിർമ്മാണം പല കാരണങ്ങൾകൊണ്ട് നീണ്ട് പോയി. ഇതിനിടെ പാലത്തിന്റെ ഒരു ഭാഗം സ്ഥാപിക്കാൻ കൊണ്ടു പോകുന്നതിനിടെ പുഴയിൽ വീണു. അതിന് ശേഷം എത്തിയ പ്രളയം നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസത്തിന് ഇടയാക്കി. അവസാന മിനുക്ക് പണിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏനാമാക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാക്കി 60 വർഷത്തിന് ശേഷമാണ് ഏനാമാവ് കടവിൽ എം.പി ഫണ്ട് ഉപയോഗിച്ച് ഇത്തരമൊരു നിർമ്മാണം പൂർത്തിയാകുന്നത്. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളുള്ള ഈ പ്രദേശത്ത് ഈ പാലം ഏറെ ഗുണം ചെയ്യും. ഓട്ടോറിക്ഷയുൾപ്പെടെയുള്ള ചെറു വാഹനങ്ങൾ കൊണ്ട് പോകാൻ കഴിയുമെന്ന് ഉദ്ഘാടന വേളയിൽ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇരുചക്രവാഹനം മാത്രമേ പാലത്തിലൂടെ കൊണ്ട് പോകാനാകൂ. നിർമ്മാണം പൂർത്തീകരിച്ച പാലം ഡിസംബറോടെ നാട്ടുകാർക്ക് തുറന്ന് കൊടുക്കും.