cheque-kaimarunnu
എരുമപ്പെട്ടി സ്‌കൂളിലെ കായികവിദ്യാർത്ഥികൾ സ്വരൂപിച്ച ധനസഹായത്തിന്റെ ചെക്ക് പ്രധാന അദ്ധ്യാപികക്ക് കൈമാറുന്നു

എരുമപ്പെട്ടി: സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിച്ച് നൽകി വിദ്യാർത്ഥികൾ. എരുമപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക വിദ്യാർത്ഥികളാണ് നൻമ നിറഞ്ഞ പ്രവർത്തനം കാഴ്ച വെച്ചത്. ഇരുവൃക്കകളും തകരാറിലായ പഴവൂർ മാരാംപുറത്ത് ഇബ്രാഹിമിനാണ് എരുമപ്പെട്ടി സ്കൂളിലെ കായിക വിദ്യാർത്ഥികൾ ചികിത്സാ സഹായം നൽകിയത്.

വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇബ്രാഹിമിന്റെ മകൾ എരുമപ്പെട്ടി സ്കൂളിലെ വിദ്യാർത്ഥിയാണ്.

സഹപാഠിയുടെ ദു:ഖം കണ്ടറിഞ്ഞ ദേശീയ കായികതാരം ജംഷീലയുടെ നേതൃത്വത്തിലുള്ള കായിക വിദ്യാർത്ഥികൾ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ബസുകളിൽ കയറിയും പൊതുജനങ്ങളിൽ നിന്ന് 30,000 രൂപ ഇവർ സ്വരൂപിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക എ.എസ്. പ്രേംസിക്ക് ഫണ്ട് കൈമാറി. ഡെപ്യൂട്ടി എച്ച്.എം. എം.എസ്. സിറാജ്, സ്റ്റാഫ് സെക്രട്ടറി പി. നന്ദകുമാർ, കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ, എം.എസ്. രാമകൃഷ്ണൻ, സൈജു കൊളങ്ങാടൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ചെറുപ്രായത്തിൽ തന്നെ സ്നേഹത്തിന്റേയും കരുണയുടേയും മാതൃക തീർത്ത കായിക വിദ്യാർത്ഥികളെ സ്കൂൾ അനുമോദിച്ചു.