തൃശൂർ : സന്നിധാനത്ത് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ വ്യാപക പ്രതിഷേധം. ഇന്നലെ പുലർച്ചെ മുതൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ ഉപരോധവും എസ്.പി ഓഫീസ് മാർച്ചും നടത്തി. കഴിഞ്ഞ ദിവസം രാത്രി ജില്ലയിൽ നിന്നുള്ളവരടക്കം സന്നിധാനത്ത് അറസ്റ്റിലായ വിവരം പുറത്ത് വന്നതോടെയായിരുന്നു പുലർച്ചെ മൂന്നോടെ പ്രതിഷേധം ഉണ്ടായത്.

നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിലായിരുന്നു ഉപരോധ സമരം. വടക്കാഞ്ചേരി മേഖലയിൽ നിന്ന് ഒമ്പത് പേരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട, നാട്ടിക തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും അറസ്റ്റിലായി. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ മൂന്നു മണിയോടെ ആരംഭിച്ച പ്രതിഷേധ സമരത്തിന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, അഡ്വ. കെ.കെ. അനീഷ്‌കുമാർ, കെ. കേശവദാസ്, ഹരിമുള്ളൂർ, മധു കുറ്റുമുക്ക് എന്നിവർ നേതൃത്വം നൽകി.
വടക്കാഞ്ചേരി, ചെറുതുരുത്തി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം, പാവറട്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ മണിക്കൂറുകളോളം നാമജപ പ്രതിഷേധം നടന്നു. രാവിലെ സ്വരാജ് റൗണ്ടിൽ നിന്ന് അയ്യന്തോളിലെ റൂറൽ എസ്.പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ നൂറുക്കണക്കിന് പേർ പങ്കെടുത്തു. കളക്ടറേറ്റിന് മുന്നിൽ ജലപീരങ്കിയുമായി എ.സി.പി വി.കെ രാജു, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്ബ്, വെസ്റ്റ് സി.ഐ ഹരിദാസ്, എസ്.ഐമാരായ ജോൺസൺ, ഹരിദാസ്, വനിതാ എസ്.ഐ പി.വി സിന്ധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു.
മാർച്ചിൽ സ്ത്രീകളടക്കം നുറൂക്കണക്കിന് പേർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗം വി.എച്ച്.പി ധർമ്മ പ്രസാർ പ്രമുഖ് പി.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾക്ക് മർദ്ദനവും അവിശ്വാസികൾക്ക് സംരക്ഷണവുമാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, കെ. സുരേഷ്, പി.കെ വത്സൻ, അഡ്വ. കെ.കെ അനീഷ്‌കുമാർ, രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. ഉല്ലാസ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന് മുന്നിൽ മൂന്നു മണിക്കൂർ നീണ്ട ഉപരോധം ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എം.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി ധർമ്മ പ്രസാർ പ്രമുഖ് പി.ജി കണ്ണൻ, താലൂക്ക് കാര്യവാഹ് വി.പി ജയാനന്ദൻ, കെ. മനോജ്, വി.എം ഗോപിദാസ്, കെ.എം റെജി, നഗരസഭ കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട്, തെക്കുംകര പഞ്ചായത്ത് അംഗം രാജീവൻ തടത്തിൽ എന്നിവർ നേതൃത്വം നൽകി. . .