pustagavelpana
പ്രളയാക്ഷരങ്ങളുടെ ആദ്യ പ്രതി മന്ത്രിയില്‍നിന്നും ഐനിക്കല്‍ വീട്ടില്‍ ജോയി ഏറ്റുവാങ്ങുന്നു

പുതുക്കാട്: ദേശീയ സമ്പാദ്യ പദ്ധതിയിലെ മഹിളാ പ്രധാൻ ഏജന്റുമാരുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നും ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും സംഘടനകളും സേവനതല്പരരായ വ്യക്തികളും ഈ മാതൃക ഏറ്റെടുക്കണമെന്നും മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. മലയാളത്തിലെ പ്രഗത്ഭരായ 26 സാഹിത്യപ്രതിഭകളുടെ രചനകൾ അടങ്ങിയ 'പ്രളയക്ഷരങ്ങൾ' എന്ന പുസ്തകം മഹിളാ പ്രധാൻ ഏജന്റുമാർ വീടുകൾ തോറും വിൽപ്പന നടത്തുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുക്കാട് കണ്ണമ്പത്തൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ മാത്രം പുസ്തകത്തിന്റെ 10,000 പ്രതികൾ ഇത്തരത്തിൽ വിറ്റ് 20, 00,000 രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറാനാണ് മഹിളാ പ്രധാൻ ഏജന്റുമാർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇത് കൊണ്ട് പ്രളയത്തിൽ തകർന്നവർക്കായി നാല് വീടുകൾ നിർമ്മിക്കാൻ കഴിയും.

കണ്ണമ്പത്തൂരിൽ ഐനിക്കൽ വീട്ടിൽ ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ്, ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫിസർ പി.വി. ബിജു, അസിസ്റ്റന്റ് ഡയറക്ടർ പി. അനിൽകുമാർ, ബി.ഡിഒ യു.ജി. സരസ്വതി, പി. തങ്കം, എം.എ. ഫ്രാൻസിസ്, മഹിളാ പ്രധാൻ ഏജന്റുമാരുടെ സംഘടന പ്രതിനിധികളായ സീത ചന്ദ്രൻ, എം. കെ. ചന്ദ്രിക, എ.കെ. ജയശ്രീ, ടി. രാജേശ്വരി, കെ.വി. ദീപ എന്നിവരും മന്ത്രിയുടെ കൂടെ ഗൃഹസന്ദർശനത്തിനും പുസ്തക വില്പനക്കും ഉണ്ടായിരുന്നു.