തൃശൂർ: പ്രളയം ബാധിച്ച അംഗൻവാടികളിലേക്ക് അവശ്യസാധനങ്ങൾ വാങ്ങി നൽകാൻ പൊതുജനങ്ങൾക്കും സന്നദ്ധത അറിയിക്കാം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റ് തയാറായി. വെബ്‌സൈറ്റ് വഴി പ്രളയത്തിൽ ജില്ലയിലെ അംഗൻവാടികളിലായി നശിച്ച വിവിധ ഉപകരണം വാങ്ങി നൽകാനുള്ള താൽപ്പര്യം അറിയിക്കാം. 'നമുക്ക് കൈകോർക്കാം" എന്ന പേരിലാണ് ജില്ലാ ഭരണകൂടം എൻ.ഐ.സി, യു.എൻ.ഡി.പി, യുണിസെഫ് എന്നിവയുടെ സഹായത്തോടെ പദ്ധതി ഒരുക്കിയിരിക്കുന്നത്.

വെബ്‌സെറ്റ് ജില്ലാ കളക്ടർ ടി.വി അനുപമ ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ.ഡി.എം സി. ലതിക, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സാധനങ്ങൾ വാങ്ങി നൽകാൻ സന്നദ്ധതയുള്ളവർക്ക് http://117.218.114.202/kids/ വഴിയോ https://thrissur.gov.in/ വഴിയോ പേര് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മൂന്ന് ഘട്ടങ്ങളിലായാണ് രജിസ്‌ട്രേഷൻ. ഒന്നാംഘട്ടത്തിൽ പേരിനോടൊപ്പം ബന്ധപ്പെടാവുന്ന ഇ മെയിൽ വിലാസവും ഫോൺ നമ്പറും നൽകണം.

രജിസ്‌ട്രേഷന്റെ രണ്ടാം ഘട്ടത്തിൽ വാങ്ങി നൽകാൻ താൽപ്പര്യമുള്ള സാധനവും, അളവും, എല്ലാ അംഗൻവാടികൾക്കുമായാണോ അതോ വിവിധ താലൂക്കുകളിലെ തെരഞ്ഞെടുത്ത അംഗൻവാടികൾക്ക് മാത്രമാണോ എന്നീ വിവരങ്ങൾ രേഖപ്പെടുത്താം. അവസാനഘട്ടത്തിൽ പദ്ധതിയെ സംബന്ധിച്ച വ്യക്തിഗത അഭിപ്രായവും രേഖപ്പെടുത്താം. 20-25 കിലോ വരെ തൂക്കാവുന്ന അളവ് തൂക്ക ഉപകരണങ്ങൾ, 25 മുതൽ 50 ലിറ്റർ ശേഷിയുള്ള ഭക്ഷണം സൂക്ഷിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ, മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള മുച്ചക്ര സൈക്കിൾ ഉൾപ്പെടെയുള്ള കളി ഉപകരണങ്ങൾ, കുട്ടികൾക്കുള്ള കോട്ടൺ ബെഡുകൾ എന്നിവയാണ് ആവശ്യമായുള്ളത്.

നഷ്ടപ്പെട്ടത് ഇവ

അളവു-തൂക്ക ഉപകരണം 258

ഭക്ഷണം സൂക്ഷിക്കാവുന്ന പാത്രം 272

കളി ഉപകരണങ്ങൾ 3090

കുട്ടികൾക്കുള്ള ബെഡുകൾ 461