 വർഗീസ് കണ്ടംകുളത്തിക്കെതിരെ ബീനമുരളി

സി.പി.എം ജനാധിപത്യത്തെ അവഹേളിക്കുന്നു: കോൺഗ്രസ്

തൃശൂർ: കോർപറേഷൻ മേയർ രാജിവെച്ചതിന് പിന്നാലെ ചേംബർ പൊളിച്ചത് മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും മേയറുടെ ചുമതലയുള്ള ഡപ്യൂട്ടി മേയർ ബീനാ മുരളിയും തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചു. മേയറുടെ വാഹനവും ചേംബറും ഉപയോഗിക്കാൻ വർഗീസ് കണ്ടംകുളത്തി അനുവദിക്കുന്നില്ലെന്നായിരുന്നു ബീന മുരളിയുടെ പരാതി. മേയറുടെ ചാർജുള്ളതിനാൽ മേയർക്കുള്ള പരിഗണന നൽകണമെന്നും ചേബറിലെ മേശ പൊളിച്ചതും ചുവർ പൊളിച്ചതും തരംതാഴ്ന്ന നടപടിയായെന്നും അവർ ആരോപിച്ചു. 22 ദിവസത്തിനുള്ളിൽ പുതിയ മേയർ ചാർജ് എടുക്കുമെന്ന് പറഞ്ഞ് വാഹനം അറ്റകുറ്റപ്പണിക്ക് കയറ്റി. തന്നെ മേയറുടെ കസേരയിൽ ഇരുത്താതിരിക്കാൻ വേണ്ടി മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണിത്. വർഗീസ് കണ്ടംകുളത്തിയുടെ വ്യക്തിവിരോധം മൂലം ഉദ്യോഗസ്ഥരിൽ നിന്നും കടുത്ത അപമാനം നേരിടേണ്ടി വരികയാണ്.

ബഡ്ജറ്റ് അവതരണ സമയത്തും വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും ഇതേ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ഡിവിഷനിലെ അംഗൻവാടി നിർമ്മാണം തടഞ്ഞതടക്കമുള്ള നിരവധി വിഷയങ്ങൾക്ക് പിന്നിൽ തന്നോടുള്ള വ്യക്തി വിരോധമാണുള്ളത്. സി.പി.എം- സി.പിഐ തർക്കമല്ല കേവലം വ്യക്തി വിരോധമാണ് തന്നെയും മേയർ പദവിയെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ പിന്നിൽ. സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കും. ഉദ്യോഗസ്ഥർ തന്നോട് ആലോചിക്കാതെയാണ് ചേംബർ പൊളിച്ചത്. ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. കോർപറേഷൻ എൻജിനീയർ, സെക്രട്ടറി എന്നിവർ അവധിയിലായിരുന്നതിനാൽ അവരും വിവരമറിഞ്ഞില്ലെന്ന് ബീന മുരളി പറഞ്ഞു. എന്നാൽ പുതിയ മേയർ ചുമതലയേൽക്കുന്നതിന് മുന്നോടിയായി നടത്തുന്ന സ്വാഭാവികമായ നവീകരണ പ്രവൃത്തിയാണിതെന്നും ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും വർഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി മാറിയ ഘട്ടത്തിലാണ് കൗൺസിൽ ഹാൾ നവീകരിച്ചത്. വ്യക്തിവിരോധത്തിന്റെ പേരിലാണ് ബീന മുരളിക്കെതിരായ നിലപാട് സ്വീകരിക്കുന്നതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും വാഹനത്തിന് ബ്രേക്കില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താൻ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. മേയറുടെ താത്കാലിക ചുമതല വഹിക്കുന്നതിൽ നിന്ന് ഡെപ്യൂട്ടി മേയറെ തടയുന്ന സി.പി.എം നടപടി ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ. പ്രസാദ് പറഞ്ഞു. ഡെപ്യൂട്ടി മേയർ ചുമതല നിറവേറ്റാൻ വരുമ്പോൾ മേയറുടെ ആഫീസ് പൊളിക്കുന്ന നാണം കെട്ട പരിപാടികളാണ് കോർപറേഷനിൽ നടക്കുന്നത്. ഭരണത്തിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ഭരണസമിതി രാജിവയ്ക്കണമെന്നും എ. പ്രസാദ് പറഞ്ഞു.