തൃശൂർ: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വിത്തുത്പാദന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിന്റെ ശകാരം. വേണ്ടവിധം പരിപാലനം നടക്കാത്തതും കണക്കുകളും ഹാജർ നിലയും പരിശോധിച്ചപ്പോൾ കണ്ടെത്തിയ പോരായ്മകളുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 4 പോളി ഹൗസുകൾ ഉപയോഗിക്കാതെ നശിപ്പിച്ചതായും 2 പോളി ഹൗസുകളും വാങ്ങിച്ച വിത്തുകളും നശിപ്പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വിത്തുത്പാദന കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ഡയറക്ടറോട് മന്ത്രി നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

മണ്ണുത്തിയിലെ സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിയിൽ സന്ദർശനം നടത്തിയ മന്ത്രി ലാബിന്റെ വിപുലീകരണം സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് തൊട്ടടുത്ത ജില്ലാ പഞ്ചായത്തിന്റെ വിത്തുത്പാദന കേന്ദ്രത്തിലും മിന്നൽ സന്ദർശനം നടത്തിയത്. സൂക്ഷ്മകൃഷിക്ക് ഉപയോഗിക്കുന്ന മിത്രകീടങ്ങളെ ഉത്പാദിപ്പിക്കുന്ന സംസ്ഥാന ബയോ കൺട്രോൾ ഏജൻസിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി, സമീപത്തെ വിത്തുത്പാദന കേന്ദ്രത്തിലും അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. അഡ്വ. കെ. രാജൻ എം.എൽ.എ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.