tractor-acc
എറവ് ആറാംകല്ല് കൊടയാട്ടി കോൾ പടവിൽ ചതുപ്പിൽ മറിഞ്ഞ ട്രാക്ടറിൽ നിന്നും ഡ്രൈവരുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുക്കുന്നു

അരിമ്പൂർ: എറവ് കൊടയാട്ടി കോൾപ്പടവിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗെയിൽ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽപ്പെട്ട് ട്രാക്ടർ മറിയുകയായിരുന്നു. ബംഗാൾ സ്വദേശി രാജു മണ്ഡൽ (24) ആണ് മരിച്ചത്.

എറവ് ആറാംകല്ല് കൊടയാട്ടി പാടത്താണ് അപകടം നടന്നത്. പ്രദേശത്ത് ഈ മാസം കൃഷിയിറക്കുന്നതിനുള്ള ജോലികൾ നടക്കുന്ന സമയമാണ്. ട്രാക്ടറിൽ നിലം ഉഴുതു മറിക്കുന്ന പണികൾ ഒരു വശത്തു നടക്കുന്നുണ്ട്. ഈ കോൾ നിലത്തിനിടയിൽ കൂടി ഗെയിൽ വാതക വിതരണത്തിനുള്ള പൈപ്പുകൾ ഇട്ടിട്ടുണ്ട്. അവ മൂടിയെങ്കിലും കടന്നുപോകുന്ന പ്രദേശങ്ങളിൽ ഉഴുതു മറിച്ച നിലവും പൈപ്പിട്ട ശേഷം മൂടിയ പ്രദേശങ്ങളും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഗെയിൽ അധികൃതർ കർഷകരോട് ഈ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നതായി പറയുന്നു.

എന്നാൽ പാടശേഖരത്ത് പണിയെടുക്കാനെത്തുന്ന സമീപവാസികളല്ലാത്തവർക്ക് നിലങ്ങൾക്കിടയിലുള്ള ഗെയിലിന്റെ ചതുപ്പ് നിലങ്ങളെ തിരിച്ചറിയാനാവില്ല. ഏതാണ്ട് അര കിലോമീറ്റർ ദൂരത്ത് ഗെയിലിന്റെ കോടികൾ വിലമതിക്കുന്ന യന്ത്രം താഴ്ന്നു കിടക്കുന്നുണ്ട്. അപകടത്തിൽ പെട്ട് മരിച്ച രാജു മണ്ഡൽ വെസ്റ്റ് ബംഗാളിലെ റായ്പൂർ സ്വദേശിയാണ്. കേച്ചേരിയിൽ താമസിക്കുന്ന രാജു ഇന്നലെ മുതലാണ് എറവ് കൊടയാട്ടി കോൾ പടവിൽ ട്രാക്ടർ ഓടിക്കാൻ തുടങ്ങിയത്. നിലം ഉഴുതു കൊണ്ടിരിക്കെ സമീപത്തെ നിലത്തിലേക്ക് പോയ ഇയാൾ ചതുപ്പു നിലമറിയാതെ ട്രാക്ടർ സഹിതം ചതുപ്പിൽ താഴുകയായിരുന്നു.

തലകീഴായി മറിഞ്ഞ ട്രാക്ടറിൽ നിന്ന് ഒരു കൈ മാത്രം പുറത്ത് കാണാവുന്ന രീതിയിലാണ് ഇയാൾ കിടന്നിരുന്നത്. മറ്റു ട്രാക്ടറിലെ ഡ്രൈവർമാർ ഇയാളോട് ഈ വഴി പോകരുതെന്ന് നിർദേശിച്ചിരുന്നതായും പറയുന്നു. ഗെയിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കാത്തതാണ് ഇതിനു കാരണമെന്ന് ഒരു വിഭാഗം നാട്ടുകാർ ആരോപിച്ചു. തൃശൂരിൽ നിന്നും എത്തിയ സ്റ്റേഷൻ ഫയർ ഓഫീസർ ലാസർ, ലീഡിംഗ് ഫയർമാൻ ഹരികുമാർ, നവീൻ, എഡ്‌വേർഡ്, വിനീത് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. വിവരമറിഞ്ഞ് അന്തിക്കാട് എസ്.എച്ച്.ഒ: മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.