താന്ന്യം പഞ്ചായത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ ഹർത്താൽ
പെരിങ്ങോട്ടുകര: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള സി.പി.ഐ താന്ന്യം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുൻ വാതിലിന്റെ ലോക്ക് അടിച്ചു തകർത്ത അക്രമികൾ ഓഫീസിലെ ടി.വി, മേശ, അലമാര, കസേരകൾ എന്നിവ അടിച്ചു തകർത്തു. 13 ജനൽ വാതിലുകളുടെ ചില്ലുകളും തകർത്തിട്ടുണ്ട്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും സി.പി.ഐ നേതാക്കൾ പറഞ്ഞു. ഓഫീസിനുള്ളിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തു. ഇവ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം വിഫലമായതോടെയാണ് ഓഫീസ് തല്ലിത്തകർത്തതെന്നാണ് സംശയം. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ ഗവ. ഐ.ടി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രവർത്തകർക്കു പരിക്കേറ്റിരുന്നു. ഇത് മേഖലയിൽ സി.പി.ഐ - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷത്തിനും വഴിവച്ചിരുന്നു.
ഓഫീസിനു നേരെ ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് സി.പി.ഐ ആരോപിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ ഗീത ഗോപി, കെ. രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേശ് കുമാർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. ഡി.വൈ.എഫ്.ഐയിൽ മറ്റു പാർട്ടികളിൽ നിന്നും എത്തിയ ചിലരാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ ഏതാനും നാളുകളായി ഇവർ പ്രദേശത്ത് സ്വൈര്യജീവിതം തകർക്കുന്നതായും സി.പി.ഐ നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് താന്ന്യം പഞ്ചായത്തിൽ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ ഹർത്താൽ നടത്തും. കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. ഇതിനിടെ ഡി.വൈ.എഫ്.ഐയുടെ പെരിങ്ങോട്ടുകര നാലും കൂടിയ ജംഗ്ഷനിലെ ഓഫീസിനു നേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.