ഗുരുവായൂർ: ഏകാദശി വ്രതം നോറ്റെത്തിയവർ ദ്വാദശി ദിനത്തിൽ ദ്വാദശിപ്പണം സമർപ്പിച്ച് മടങ്ങി. ക്ഷേത്രം കൂത്തമ്പലത്തിലായിരുന്നു ചടങ്ങ്. അവകാശികളായ ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം ഗ്രാമങ്ങളിലെ അഗ്നിഹോത്രികളാണ് ദ്വാദശി പണം സ്വീകരിച്ചത്. ഏകാദശി ദിനത്തിൽ രാത്രി വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ഒരുമണിയോടെ ആരംഭിച്ച ദ്വാദശിപ്പണ സമർപ്പണം രാവിലെ ഒമ്പത് വരെ തുടർന്നു. ദ്വാദശിപ്പണം സമർപ്പിക്കുന്നതിന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. 6,06,740 രൂപയാണ് ദ്വാദശി പണമായി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 78,660 രൂപ കുറവാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 6,85,400 രൂപയാണ് ദ്വാദശി പണമായി ലഭിച്ചിരുന്നത്. ആകെ ലഭിച്ച സംഖ്യ നാലായി ഭാഗിച്ചതിൽ ഒരുഭാഗമായ 1,51,685 രൂപ ഗുരുവായൂരപ്പന് സമർപ്പിച്ചു. ബാക്കി വരുന്ന മൂന്ന് ഭാഗം മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ഭാഗിച്ചെടുത്തു. അഗ്‌നിഹോത്രികളായ തിരുമുക്ക് വൈദികൻ വല്ലഭൻ അക്കിതിരിപ്പാട്, കൈമുക്ക് വൈദികൻ രാമൻ അക്കിതിപ്പാട്, പുത്തില്ലം രാമാനുജൻ അക്കിതിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠസോമയാജിപ്പാട് പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, നടുവിൽ പഴേടം നീലകണ്ഠൻ അടിതിരിപ്പാട്, ആരൂർ വാസുദേവൻ അടിതിരിപ്പാട് എന്നിവരാണ് ദ്വാദശി പണം സ്വീകരിക്കുന്നതിന് എത്തിയിരുന്നത്. ദ്വാദശിപ്പണം സമർപ്പണത്തിന് ശേഷം ദ്വാദശി ഊട്ടും കഴിച്ചാണ് ഭക്തർ ക്ഷേത്രനഗരിയിൽ നിന്നും മടങ്ങിയത്. ചോറ്, രസകാളൻ, എരിശ്ശേരി, ഓലൻ, അച്ചാർ, മോര്, പപ്പടം, വറുത്ത ഉപ്പേരി, ഇടിച്ച് പിഴിഞ്ഞ പായസം എന്നിവയായിരുന്നു ദ്വാദശി ഊട്ടിലെ വിഭവങ്ങൾ. ആറായിരത്തിലേറെ ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 9ന് ശുദ്ധി ചടങ്ങുകൾക്കായി അടച്ച ക്ഷേത്ര നട വൈകുന്നേരം മൂന്നരക്കാണ് തുറന്നത്. ഇന്ന് ത്രയോദശി ഊട്ടോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും. മത്തനും, നേന്ത്രപഴവും കൊണ്ടുള്ള പച്ചടി, മത്തൻപൊടിതൂവൽ, എളവൻ- ചേന- പയർ എന്നിവകൊണ്ടുള്ള കൂട്ടുകറി, രസം, പിണ്ടിപായസം എന്നിവയാണ് ത്രയോദശി ഊട്ടിലെ വിഭവങ്ങൾ. ഗുരുവായൂരപ്പൻ തന്റെ ആശ്രിതനായ പരദേശി ബ്രാഹ്മണന് ശ്രാദ്ധം ഊട്ടുന്നു എന്ന സങ്കൽപ്പത്തിലുള്ളതാണ് ത്രയോദശി ഊട്ട്.