ദിവസേന രജിസ്റ്റർ ചെയ്യുന്നത് 5 കേസുകൾ
കൊടുങ്ങല്ലൂർ: ഓൺലൈൻ പണം തട്ടിപ്പിൽ അദ്ധ്യാപികയ്ക്ക് പണം നഷ്ടപ്പെട്ടു. കാരുമാത്ര ജി.യു.പി.എസിലെ അദ്ധ്യാപിക കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഇല്ലത്ത് പറമ്പിൽ വീട്ടിൽ വി.എ. ലതികയുടെ 30,000 രൂപയാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് ലതികയുടെ ഫോണിലേക്ക് കോളെത്തിയത്. ഇംഗ്‌ളീഷിലായിരുന്നു സംസാരം. ഡെബിറ്റ് കാർഡിന്റെ കാലാവധി ഇന്ന് അവസാനിക്കുമെന്നും പുതുക്കാതെ ഇടപാട് നടക്കില്ലെന്നും വിളിച്ചയാൾ പറഞ്ഞു.
അഭ്യർത്ഥനയനുസരിച്ച് ഒ.ടി.പി നമ്പർ സഹിതം അദ്ധ്യാപിക വിളിച്ചയാൾക്ക് കൈമാറിയതിന് പിന്നാലെ പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിന്റെ മെസേജെത്തി. 90,000 രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു സന്ദേശം. സാങ്കേതിക പ്രശ്‌നംമൂലം നഷ്ടപ്പെട്ട 90,000 രൂപയിൽ 60,000 രൂപ തിരികെ അദ്ധ്യാപികയുടെ അക്കൗണ്ടിലെത്തി. അഞ്ചിലധികം ഓൺലൈൻ പണം തട്ടിപ്പ് കേസുകളാണ് ജില്ലയിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പ് നടത്തിയവരുടെ ഫോൺ നമ്പർ, സ്ഥലം, അഡ്രസ് എന്നിവ പലപ്പോഴും വ്യാജമായതിനാൽ കേസുകൾ എടുക്കാൻ കഴിയാത്ത സംഭവങ്ങൾ ഇതിലും കൂടുതലാണ്. എ.ടി.എം കാർഡ് പുതുക്കൽ, ജോലി വാഗ്ദാനം, സമ്മാനപ്പെരുമഴ തുടങ്ങിയ ലേബലിലാണ് തട്ടിപ്പ്.
അഭ്യർത്ഥന
ഫലം കാണുന്നില്ല
ഫോണിൽ വരുന്ന വൺടൈം പാസ് വേഡ് (ഒ.ടി.പി.) പങ്കുവയ്ക്കരുതെന്ന ബാങ്കുകളുടെ മുന്നറിയിപ്പുണ്ടായിട്ടും പണം തട്ടിപ്പ് സംഭവങ്ങൾ ആവർത്തിക്കുകയാണ്. അദ്ധ്യാപികയുടെ പണം നഷ്ടമായതും ഇത്തരത്തിലാണ്. ആധാർ കാർഡ് ലിങ്കിംഗും മറ്റും തട്ടിപ്പിനുള്ള അവസരമാക്കുന്നവരുണ്ട്. ആധാർ കാർഡുമായി ലിങ്ക് ചെയ്യാനാണെന്ന് അറിയിക്കുന്നതോടെ ഭൂരിഭാഗം പേരും ഫോണിൽ വരുന്ന ഒ.ടി.പി. പാസ് വേഡ് തട്ടിപ്പുകാർക്ക് പറഞ്ഞുകൊടുക്കും. എ.ടി.എം കാർഡ് നമ്പർ, കാർഡ് വെരിഫിക്കേഷൻ വാല്യു (സി.വി.വി.) നമ്പർ, ഒ.ടി.പി. എന്നിവ ലഭിച്ചാൽ മാത്രമേ എ.ടി.എം., ഡെബിറ്റ് കാർഡ് വഴി തട്ടിപ്പ് നടത്താൻ കഴിയൂ. ആദ്യത്തെ രണ്ടും കൈക്കലാക്കുന്ന തട്ടിപ്പുകാർ ഫോണിൽ എത്തുന്ന ഒ.ടി.പിയും വാക്ചാതുരിയിൽ സ്വന്തമാക്കും.
ഉടൻ പരാതിപ്പെടണം
ഓൺലൈൻ തട്ടിപ്പിന്റെ ഇടപാട് ഭൂരിഭാഗവും നടത്തുന്നവരുടെ ഐ.ഡികൾ വ്യാജമായതിനാൽ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. അപൂർവങ്ങളിൽ അപൂർവമായാണ് പണം തിരികെ കിട്ടുക. ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കുക എന്നത് മാത്രമാണ് ആകെയുള്ള പ്രതിവിധി. തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ പൊലീസിലോ സൈബർ സെല്ലിലോ വിവരം അറിയിക്കണം.
പ്രായോഗിക ബുദ്ധിമുട്ടുണ്ട്
പലപ്പോഴും ട്രാൻസ്ഫറാകുന്ന പണം വിദേശത്തെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇതിനാൽ തിരിച്ചുപിടിക്കുക എളുപ്പമല്ല. ഡൽഹി താവളമാക്കി പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് ഭൂരിഭാഗം തട്ടിപ്പ് കേസുകളുടെയും പിന്നിലെന്നതിനാൽ ഇവരെ പിടിക്കുന്നതിനും പണം തിരികെ പിടിക്കുന്നതിനും പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രതികളെ പിടികൂടിയ സംഭവവും തൃശൂരിൽ ഉണ്ടായിട്ടുണ്ട്. - വി.കെ. രാജു (സിറ്റി അസി. പൊലീസ് കമ്മിഷണർ)
സൈബർ സെൽ നമ്പർ : 9497962836. .