r-solesrg1

തൃശൂർ: അഹന്യ മോൾ എപ്പോഴും പുഞ്ചിരിക്കണം. അതാണ് സുകുമാരന്റെ ആഗ്രഹം. പക്ഷേ, അഹന്യയ്ക്കു മാത്രമല്ല വീട്ടിലാർക്കും ചിരിക്കാനാവുന്നില്ല. എങ്ങനെ ചിരിക്കാനാണ്? അഞ്ചാംവയസിൽ അഹന്യയ്ക്കു വന്ന ചെറിയൊരു പനി എല്ലാം തകിടംമറിച്ചു. മരുന്ന് കഴിച്ചാലും മാറാത്ത പനിയുടെ മൂലകാരണം ഒടുവിൽ കണ്ടെത്തി. 14,000 രൂപയുടെ ഒരു ഇൻജക്‌ഷനും 6000 രൂപയുടെ മറ്റു മരുന്നുകളും ഉണ്ടെങ്കിൽ കടുത്ത വേദനയിൽനിന്ന് ഒരു മാസത്തേക്ക് ആശ്വാസം കിട്ടുന്ന അപൂർവരോഗം- സോജിയ. പൂർണ രോഗമുക്തി എപ്പോഴാണെന്ന് ഒരുറപ്പുമില്ല.

തൃശൂർ വീരോലിപ്പാടം അച്ചിങ്ങര വീട്ടിൽ സുകുമാരന്റെ സ്ഥിതിയോ? മകളെ രക്ഷിക്കാനും കുടുംബം പുലർത്താനുമുള്ള ഓട്ടത്തിനിടയിൽ ഹൃദയം പണിമുടക്കി. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആൻജിയോപ്‌ളാസ്റ്റിക്കുശേഷം മൂന്നു മാസത്തെ വിശ്രമം. ഭർത്താവിന്റെ ശുശ്രൂഷയും വീട്ടിലെ കാര്യങ്ങളും നോക്കിയ ഭാര്യ ലളിത ഇതിനിടയിൽ തളർന്നുവീണു. ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ പഴയ ജീവിതം തിരിച്ചുലഭിക്കാൻ വർഷങ്ങൾ വേണ്ടിവരും. ദിവസവും 400 രൂപ നൽകി ഫിസിയോതെറാപ്പി ചെയ്തു. കുറച്ചുനാളായി അതും നടക്കുന്നില്ല. വീട്ടുജോലിയും ഭാര്യയുടെ കാര്യങ്ങളും ഉൾപ്പെടെ എല്ലാം ഇപ്പോൾ സുകുമാരന്റെ ചുമലിലാണ്. അയൽവാസികളുടെയും നാട്ടുകാരുടെയും സഹായത്തിന് പുറമെ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊലേസ് എന്ന സന്നദ്ധ സംഘടനയുമാണ് സുകുമാരന്റെയും കുടുംബത്തിന്റെയും ആശ്രയം.

ചികിത്സയ്ക്കായി സ്ഥലവും വിറ്റു

അഹന്യയ്ക്ക് ഇപ്പോൾ ഏഴു വയസായി. ഇടയ്ക്ക് മരുന്ന് മുടങ്ങി. മകൾ വേദനകൊണ്ട് പുളയുന്ന കാഴ്ച സുകുമാരനെ തളർത്തി. വീണ്ടും അത്തരമൊരു കാഴ്ച കാണാതിരിക്കാൻ കിടപ്പാടത്തോട് ചേർന്ന സ്ഥലം വിറ്റു. പ്രതിമാസം 30,000 രൂപയെങ്കിലും വേണം മരുന്നിനും മറ്റുമായി. പ്രായം 55 കഴിഞ്ഞ സുകുമാരൻ രണ്ടുവർഷമായി ഈ സങ്കടക്കടലിലാണ്. സുകുമാരന്റെ ഫോൺ- 8943781944.


ക്രൗഡ് ഫണ്ടിംഗ്
നിരവധി പേർക്ക് താങ്ങും തണലുമായ സന്നദ്ധ സംഘടനയാണ് സൊലേസ്. സുകുമാരന്റെ കുടുംബത്തെ സഹായിക്കാൻ മിലാപ്പ് എന്ന ക്രൗഡ് ഫണ്ടിംഗ് പ്‌ളാറ്റ്‌ഫോം ഉപയോഗപ്പെടുത്താനാണ് തീരുമാനം

- ഷീബ അമീർ (സൊലേസ് സെക്രട്ടറി)