krishi
ചന്ദ്രനും സുനിൽകുമാറും കോൾക്കുന്നിലെ കൃഷിയിടത്തിൽ വിളവെടുക്കുന്നു

മാള: എല്ലാം കവർന്ന പ്രളയത്തിൽ നിന്ന് അനിവാര്യമായ അതിജീവനത്തിന്റെ പച്ചപ്പുമായി മണ്ണിൽ പൊന്നുവിളയിച്ച് കോൾക്കുന്നിലെ ഈ കർഷകർ. പ്രളയം ബാക്കിവെച്ച ഇവരുടെ തളരാത്ത മനസ് മണ്ണിൽ സമർപ്പിച്ചപ്പോൾ പ്രകൃതിയൊരുക്കിയത് സമൃദ്ധിയുടെ നിറവ്. കോൾക്കുന്നിലെ കൈലാൻ ചന്ദ്രനും തൂപ്രത്ത് സുനിൽകുമാറും ചേർന്നാണ് കൃഷിയിടങ്ങളെ വീണ്ടും സമൃദ്ധിയിലാക്കിയത്.

ഇവർ കോൾക്കുന്നിലെ പത്തേക്കർ സ്ഥലത്താണ് വിവിധ കൃഷികൾ ചെയ്തിട്ടുള്ളത്. പാട്ടത്തിനെടുത്ത ഇതേസ്ഥലത്ത് ചെയ്തിരുന്ന കൃഷിയാണ് പ്രളയത്തിൽ നശിച്ചത്. നഷ്ടപ്പെട്ട കൃഷികളെല്ലാം അതേസ്ഥലത്ത് കൃഷി ചെയ്താണ് ഇരുവരും പ്രകൃതിയിൽ വിശ്വാസം അർപ്പിച്ചത്. വെണ്ട, വാഴ, പയർ, തക്കാളി, വഴുതന, പച്ചമുളക്, കാബേജ്, ക്വാളിഫ്ളവർ, ചേന, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയാണ് ഇവർ കൃഷി ചെയ്തിട്ടുള്ളത്. ഇതിൽ വെണ്ട, തക്കാളി, മുളക്, വഴുതന എന്നിവ മികച്ച രീതിയിൽ വിളവെടുപ്പ് നടക്കുന്നുണ്ട്. പ്രളയം അവശേഷിപ്പിച്ച തക്കാളിയുടെ നാമ്പിൽ നിന്ന് പിന്നീട് മികച്ച വിളവ് ലഭിച്ചതിലൂടെ അര ലക്ഷത്തോളം രൂപയുടെ വരുമാനവും ലഭിച്ചു. പ്രളയത്തിൽ 1700 ഓളം ഏത്തവാഴകളും, ഒന്നര ഏക്കർ സ്ഥലത്തെ പയറും, തക്കാളി, വെണ്ട, വഴുതന എന്നിവയുമാണ് നശിച്ചത്. വിളവെടുപ്പിന് പാകമായപ്പോഴാണ് എല്ലാം പ്രളയം കൊണ്ടുപോയത്.

ഇരുപത് വർഷത്തിലധികമായി കൃഷി ചെയ്യുന്ന ചന്ദ്രനും 12 വർഷമായുള്ള സുനിൽകുമാറിനും വിളവെടുപ്പ് മാത്രമല്ല സ്വന്തമായി വിപണി കൂടിയുണ്ട്. കോൾക്കുന്നിലെ ഈ കേന്ദ്രത്തിൽ വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും ശേഷിക്കുന്നവ മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. ശീതകാല പച്ചക്കറികളായ കാബേജ്, ക്വാളിഫ്ളവർ എന്നിവയുടെ തൈകൾ വെച്ച് നല്ല പരിചരണം നൽകി പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണിപ്പോൾ.

സ്വകാര്യ ബസിലെ ജോലിക്കാരനായിരുന്ന സുനിൽകുമാർ ആ ജോലി ഉപേക്ഷിച്ചാണ് 12 വർഷമായി പൂർണമായി കാർഷിക മേഖലയിലേക്ക് തിരിഞ്ഞത്. കൃഷിയിടത്തിലെ പണികളും കൃഷിയിറക്കലും ഇരുവരും ഏറെക്കുറെ സ്വന്തമായി ചെയ്യുന്നതാണ്. പ്രളയം തകർത്ത പല മേഖലകളിലും ആഴ്ച ചന്തകളുടെ എണ്ണവും കുറഞ്ഞു. ഈ അവസ്ഥയിൽ നിന്ന് കര കയറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും പുതിയ പ്രതീക്ഷകളുമായി മനസിൽ കാർഷിക സംസ്കാരം ഉറപ്പിച്ച നിരവധി കർഷകർ വീണ്ടെടുപ്പിലൂടെ വിപണികളെ സജീവമാക്കാനുള്ള ഒരുക്കത്തിലാണ്.