''സി.പി.എം-സി.പി.ഐ. തർക്കമല്ല; ഒരു വ്യക്തിയുടെ മാത്രം പ്രശ്നം''


തൃശൂർ: എലി ശല്യമുണ്ടെന്ന് പറഞ്ഞ് അലങ്കോലമാക്കിയ കോർപറേഷൻ മേയറുടെ ചേംബറിൽ ബീനാമുരളി ഔദ്യോഗിക പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി മേയർ എന്ന നിലയിൽ വിളിച്ചു കൂട്ടിയിട്ടുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഇന്നലെ പങ്കെടുത്തെങ്കിലും സെക്രട്ടറി അടക്കമുളള സ്റ്റാഫുകൾ അവധിയിലായതിനാൽ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാനായില്ല. താത്കാലിക മേശയും കസേരയും ചേംബറിലിട്ട് ഡെപ്യൂട്ടി മേയറുടെ സ്റ്റാഫിന്റെ സഹായത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. സെക്രട്ടറി അടക്കമുള്ളവർ അവധിക്കത്ത് മേശപ്പുറത്ത് വെച്ചെങ്കിലും മേയറെ നേരിട്ട് അറിയിച്ചിട്ടില്ല.

മേയറുടെ ചേംബറിൽ ഉണ്ടായിരുന്ന മേയറുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയും സ്ഥലം മാറ്റി. ഡി.പി.സി മെമ്പറുടെ മുറിയിലേക്കാണ് സ്ഥലം മാറ്റം. അതേസമയം, താൻ മേയറുടെ ചാർജ് ഏറ്റെടുക്കുന്നതിന് മുമ്പുണ്ടായ വിവാദത്തിന് പിന്നിൽ സി.പി.എം-സി.പി.ഐ തർക്കമില്ലെന്നും ഒരു വ്യക്തിയുടെ മുൻവിരോധം മാത്രമാണെന്ന് ബീന മുരളി കേരളകൗമുദിയോട് പറഞ്ഞു. ബീന മുരളി, മേയറുടെ ചാർജ് ഏറ്റെടുക്കുന്നതിന് മുമ്പ് ചേംബർ പൊളിച്ചതാണ് വിവാദമായത്.

മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയുടെ നിർദ്ദേശപ്രകാരമാണ് ഇൗ നടപടികളെന്ന് അവർ പരാതിപ്പെട്ടിരുന്നു. കേരള മുൻസിപൽ ആക്ട് പ്രകാരം മേയർ രാജിവെച്ചാൽ അടുത്ത അദ്ധ്യക്ഷ ചുമതലയേൽക്കുന്നത് വരെ ഡെപ്യൂട്ടി മേയർ, മേയറുടെ അധികാരങ്ങളു ചുമതലകളും വിനിയോഗിക്കണമെന്നതാണ് നിയമമെന്നും ചൂണ്ടിക്കാണിക്കുന്നു. കോർപറേഷൻ മേയറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ താനറിയാതെ തന്റെ ഔദ്യോഗിക മുറി പൊളിച്ചിട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലായിരുന്നു സി.പി.ഐ കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ബീന മുരളി. തന്റെ ഓഫീസ് ഇനി ഈ മുറി തന്നെയാണെന്നും തന്റെ സ്റ്റാഫ് ഇവിടെ തന്നെ ഇരിക്കണമെന്നും അവർ സ്റ്റാഫിനെ വിളിച്ച് നിർദ്ദേശിച്ചതായാണ് വിവരം.

പിന്തുണയുമായി രണ്ട് കോൺഗ്രസ് കൗൺസിലർമാരും എത്തി. തന്റെ മുറി താനറിയാതെ പൊളിച്ചിട്ടതിൽ ബീന മുരളി, എൻജിനീയർമാരെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിലെ മേയറുടെ ഇരിപ്പിടമുൾപ്പെടെ ഭാഗങ്ങൾ പൊളിച്ചുനീക്കിയെങ്കിലും നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ലെന്നും അതിന് ശേഷമേ പണി നടത്താനാകൂ എന്നുമാണ് എൻജിനീയർമാരുടെ വിശദീകരണം.