തൃശൂർ: ആ കുരുന്നു ജീവനുമായി അവർ പാഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ ....തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്. ഹൃദയവാൽവിലെ തകരാർ മൂലം ജീവൻ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനുമായി ആംബുലൻസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും പാഞ്ഞത്.
ഷൊർണൂർ കല്ലിപ്പാടം ഹരിഭവനിലെ സതി - സതീശൻ ദമ്പതികളുടെ കുഞ്ഞിനാണ് ഹൃദയ വാൽവിലെ തകരാർ മൂലം ജീവപായം നേരിട്ടത്.
ആശുപത്രി അധികൃതർ അടിയന്തരമായി വിദഗ്ദ്ധ ചികിത്സ ബന്ധുക്കളെ നിർദ്ദേശിച്ചു. തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിച്ചാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നും വന്നതോടെ എല്ലാം അതിവേഗത്തിലായിരുന്നു. ആംബുലൻസ് ഓണേഴ്‌സ് അസോസിയേഷനും, പൊലീസിനെയും ബന്ധപ്പെട്ടപ്പോൾ സഹായവുമായി അവരെത്തി. ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ മുമ്പും ഇടപെട്ട് വിജയിപ്പിച്ച സി.എൻ ബാലകൃഷ്ണൻ സപ്തതി ആംബുലൻസും എത്തിയതോടെ വൈകിയില്ല.
പൊലീസ് മുന്നറിയിപ്പ് ഇതിനകം എല്ലാ സ്റ്റേഷനുകളിലേക്കും നൽകി. ബുധനാഴ്ച രാത്രി ഏഴരയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു പുറപ്പെടുകയായിരുന്നു. മുതിർന്നയാളെ ആംബുലൻസ് ബെഡിൽ ബെൽറ്റിട്ടു കിടത്തി മടിയിൽ കുട്ടിയെ വച്ചുകൊടുത്താണ് കൊണ്ടുപോയത്. വിവരം ലഭിച്ച പൊലീസ് വഴിയൊരുക്കാൻ പ്രധാന കവലകളിലെല്ലാം നിരന്നു ഗതാഗതം സുഗമമാക്കി. ആംബുലൻസ് സംഘടനയായ ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷനും ഗതാഗത സൗകര്യമൊരുക്കാൻ സഹായിച്ചു. . .