തൃശൂർ: ചാരായ തൊഴിലാളികൾക്ക് സർക്കാർ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അന്തിമവിധി ജനുവരിയിൽ വരാനിരിക്കേ തൊഴിലാളി സംഘടനകൾ കൊമ്പുകോർക്കുന്നു. ബിവറേജ് കോർപറേഷനിലെ ഒഴിവുകളിൽ 25 ശതമാനം നിയമനം ചാരായത്തൊഴിലാളികൾക്ക് നൽകണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സർക്കാരിനായി സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയനും (സി.ഐടി.യു) എതിർചേരിയിൽ നിന്ന് കേരള പ്രദേശ് ടോഡി ആൻഡ് അബ്കാരി മസ്ദൂർ ഫെഡറേഷനുമാണ് രംഗത്തിറങ്ങിയത്.
സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതിന് മുമ്പേ ജോലി നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നൊരുക്കത്തിലാണെന്നാണ് സി.ഐ.ടി.യു സംഘടനയുടെ വാദം. തൊഴിലാളികളെ ഇക്കാര്യം ബോദ്ധ്യപ്പെടുത്താൻ ജില്ലാ കേന്ദ്രങ്ങളിൽ അവർ യോഗം വിളിച്ചുചേർക്കാൻ തുടങ്ങി. ഇന്നലെ തൃശൂരിൽ നടന്ന യോഗത്തിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. ജോലി നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയത് സർക്കാരാണെന്നാണ് ബി.എം.എസിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ മറുവാദം. ഗുണ്ടകളും ക്രിമിനലുകളും ടച്ചിംഗ് വിളമ്പുന്നവരുമായിട്ടാണ് തൊഴിലാളികളെ സുപ്രീംകോടതിയിൽ ചിത്രീകരിച്ചത്. ജോലിയിലിരിക്കെ തൊഴിലാളികളുടെ ക്ഷേമത്തിനെന്ന പേരിൽ സി.ഐ.ടി.യു സംഘടന പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ഇതുവരെ തിരിച്ചു നൽകിയിട്ടില്ല. സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് ഇറങ്ങിയത് ബി.എം.എസിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ്.
വിധി എതിരാകുമെന്ന് വ്യക്തമായതോടെയാണ് വാഗ്ദാനങ്ങളുമായി സി.ഐ.ടി.യു സംഘടന വീണ്ടും രംഗത്തിറങ്ങിയത്. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഫെഡറേഷൻ 28ന് തൃശൂരിൽ കൺവെൻഷൻ വിളിച്ചുചേർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ 300 പേർ
അബ്കാരി വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ജോലി ലഭിക്കാൻ സാദ്ധ്യത. 300 പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ പകുതിയിലധികം പേരും ജീവിച്ചിരിപ്പില്ലെന്നാണ് ബോർഡിന്റെ പ്രാഥമിക കണ്ടെത്തൽ.
അവർ പണം പിരിക്കുന്നു
ബി.എം.എസ് സംഘടന പണം പിരിക്കുകയാണെന്ന് പല തൊഴിലാളികളും പരാതിപ്പെടുന്നുണ്ട്. ഗൂഢലക്ഷ്യങ്ങളൊന്നും ഞങ്ങൾക്കില്ല. സർക്കാർ നടത്തുന്ന ഒരു നല്ല കാര്യം തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനാണ് സംഘടന യോഗം വിളിക്കുന്നത്.
ഇ.പി. റാഫേൽ
സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐടി.യു)
ഇത്രയും കാലം എവിടെപ്പോയി
22 വർഷമായി ഇവർ എവിടെപ്പോയി. പണം പിരിച്ച് കേസ് നടത്തിയത് ഞങ്ങളാണ്. അനുകൂല വിധിയുണ്ടാകുമെന്ന് ഉറപ്പായപ്പോൾ തൊഴിലാളികളെ വഞ്ചിക്കാൻ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയതാണ് സി.ഐ.ടി.യു.
കെ.എൻ. വിജയൻ
സെക്രട്ടറി
കേരള പ്രദേശ് ടോഡി ആൻഡ് അബ്കാരി മസ്ദൂർ ഫെഡറേഷൻ
അൽപം ചരിത്രം
1996ൽ ചാരായം നിരോധിച്ചു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് 30,000 രൂപ വീതം നൽകി. 2001ൽ തൊഴിലാളികൾ സമരം തുടങ്ങിയപ്പോൾ സർക്കാർ നിലപാട് മാറ്റി. ഭാവിയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ ഉണ്ടാകുന്ന ഒഴിവുകളിൽ നിയമനം നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകി. 2015 മേയിൽ തീരുമാനം നടപ്പാക്കാൻ ഹൈക്കോടതി വിധിയുണ്ടായി. ഇതിനെതിരെ സംസ്ഥാന സർക്കാരും ബിവറേജസ് കോർപറേഷനും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ജോലി നൽകുമെന്ന് പറഞ്ഞ സർക്കാർ തന്നെ ജോലി നൽകാതിരിക്കാൻ കോടതിയിൽ കേസ് നടത്തുന്ന സ്ഥിതിയിലേക്ക് പിന്നീട് കാര്യങ്ങൾ മാറി.