തൃശൂർ: താനറിയാതെ മേയറുടെ ചേംബർ പൊളിച്ചുകളയാൻ അനുമതി നൽകിയതാരാണെന്ന ചോദ്യത്തിന് മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ ബീന മുരളിക്ക് ഇന്നലെയും ഉത്തരം ലഭിച്ചില്ല. അവഗണന വകവയ്ക്കാതെ ഇന്നലെ രാവിലെ പത്തിന് തന്നെ ബീന മുരളി കോർപറേഷൻ ഓഫീസിലെത്തി. മേയറുടെ മുറിയിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കിയത് ശുഭസൂചകമായി കണ്ട് ഇന്നലത്തെ ജോലികൾക്ക് തുടക്കമിട്ടു. പൊളിച്ചിട്ട മുറിയിൽ പുതിയ മേയർ ചുമതലയേൽക്കുന്നതുവരെ തുടരാനാണ് ബീന മുരളിയുടെ തീരുമാനം.
ശനിയാഴ്ച മേയറുടെ അനുമതിയില്ലാതെ അവധിയിൽപോയ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ ഇന്നലെയും ഓഫീസിലെത്തിയില്ല. രണ്ടാം സ്ഥാനക്കാരനായ കോർപറേഷൻ എൻജിനിയറും അവധിയിലാണ്. ഒളിപ്പിച്ചുവച്ച മേയറുടെ ലെറ്റർ പാഡും സീലും ആവശ്യപ്പെട്ടെങ്കിലും തിരിച്ചു കിട്ടിയില്ല. എ.സിയുടെ റിമോട്ടും കാണാനില്ല. ഭരണഘടനയനുസരിച്ച് മേയർ ഒഴിഞ്ഞാൽ പൂർണ്ണ അധികാരാവകാശങ്ങൾ തനിക്കുണ്ടെന്നാണ് ബീന മുരളിയുടെ നിലപാട്. പഴയ നഗരസഭയിലും കോർപറേഷനിലും ഈ കീഴ്‌വഴക്കമാണ് ഉണ്ടായിരുന്നത്.
ജില്ലാ പഞ്ചായത്തിൽ സി.പി.ഐക്കാരിയായ ഷീല വിജയകുമാർ മുന്നണി ധാരണയനുസരിച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണനെ തന്റെ ചേംബറിലെ ഇരിപ്പിടം കൈമാറി കാറിന്റെ താക്കോലും ഏൽപ്പിച്ചായിരുന്നു ഒഴിഞ്ഞത്. ഓഫീസും കാറും വൈസ് പ്രസിഡന്റ് ഉപയോഗിക്കുകയും ചെയ്തു. ചട്ടങ്ങൾ ഇതായിരിക്കെ അതിന് വിരുദ്ധമായ നാടകങ്ങളാണ് കോർപറേഷനിൽ അരങ്ങേറിയത്.
പ്രശ്‌നം കൂടുതൽ കത്തിക്കേണ്ട
പ്രശ്‌നം ഇനിയും കത്തിക്കരുതെന്ന നിർദ്ദേശം സി.പി.ഐ നേതൃത്വവും ബീന മുരളിക്ക് നൽകി. ഭരണം നിയന്ത്രിക്കുന്ന വർഗീസ് കണ്ടംകുളത്തിയുമായുള്ള ഭിന്നതയാണ് രാഷ്ട്രീയ നടപടികൾക്ക് കാരണമായതെന്നതിനാൽ പ്രശ്‌നങ്ങൾ രമ്യമായി തീർക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത മേയർ സ്ഥാനം സി.പി.ഐക്കാണ്. തിരഞ്ഞെടുപ്പും തുടർഭരണവും സുഗമമായി നടക്കണം. നിയമസഭാ പാർലമെന്റ് സീറ്റുകൾ സി.പി.ഐയുടേതായതിനാൽ കോർപറേഷനിൽ സി.പി.ഐ - സി.പി.ഐ ഭിന്നത പ്രതിപക്ഷം മുതലെടുക്കുമെന്ന ഭീതിയും സി.പി.ഐക്കുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ എം.പിയേയും എം.എൽ.എയെയും നഗര വികസനത്തിൽ പങ്കാളിത്തം നൽകാതെ കോർപറേഷൻ നേതൃത്വം അവഗണിക്കുന്നുവെന്ന പരാതിയുണ്ടായിട്ടും ചെറുത്തുനിൽപ്പിന് സി.പി.ഐ തയ്യാറല്ലായിരുന്നു.