prakashanam
കണ്ണൻ എഴുതിയ 'തീൻമേശയിലെ സൂക്ഷിപ്പുകാർ" എന്ന കവിതാ സമാഹാരം കവി പി.എൻ. ഗോപീകൃഷ്ണൻ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് പുസ്തകം കൈമാറി പ്രകാശനം ചെയ്യുന്നു.

അന്തിക്കാട്: പാന്തോട് കൊച്ചത്ത് വീട്ടിൽ കെ.ജി കണ്ണൻ തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളെ കവിതാ രൂപത്തിലാക്കിയപ്പോൾ പിന്നിട്ടത് മൂന്ന് പതിറ്റാണ്ട്. 36 കവിതകളുടെ സമാഹാരത്തെ ആത്മ സുഹൃത്തുക്കൾ ചെലവുകൾ വഹിച്ചു പ്രസിദ്ധീകരിച്ചു നൽകി. സാമ്പത്തിക പരാതീനതകൾ മൂലം ഈ കവിക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പല മേഖലകളിലും മാറി മാറി പണിയെടുക്കേണ്ടി വന്നു. ഇപ്പോഴുള്ള പത്രവിതരണക്കാരന്റെ വേഷമണിഞ്ഞിട്ട് 30 വർഷമായി.

25 വർഷം മുൻപ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായിരുന്ന സമയത്ത് പ്രസിദ്ധീകരിച്ച സുവനീറിൽ കണ്ണൻ എഴുതിയ 'കവല ' എന്ന കവിതയുമുണ്ടായിരുന്നു. കവിയരങ്ങിൽ ഈ കവിത ശ്രദ്ധിച്ച ഇപ്പോഴത്തെ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ താൻ എഡിറ്ററായ നവജീവൻ മാസികയിൽ കണ്ണന്റെ കവിത പ്രസിദ്ധീകരിക്കുകയായിരുന്നു. തുടർന്ന് സമയമെടുത്ത് വാക്കുകളെ മൂർച്ചയുള്ള കാവ്യരൂപമാക്കിയായിരുന്നു കണ്ണന്റെ യാത്ര.

ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി ഇരുന്ന സമയത്തും കവിതകളെ കുറിച്ചറിയാനും കണ്ണൻ സമയം കണ്ടെത്തിയിരുന്നു. കണ്ണന്റെ കഴിവുകളെ തിരിച്ചറിയുന്ന സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം അവർ തന്നെ മുൻകൈ എടുത്ത് 36 കവിതകളടങ്ങുന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനു വേണ്ട ചെലവുകളെല്ലാം അനിൽ കുമാർ, റോഷൻ, രാധാകൃഷ്ണൻ, ശ്രീവത്സൻ എന്നിവർ ഏറ്റെടുത്തു. 'തീൻ മേശയിലെ സൂക്ഷിപ്പുകാർ" എന്നു പേരിട്ടിട്ടുള്ള പുസ്തകത്തിലെ ചിത്രങ്ങളെല്ലാം വരച്ചു നൽകിയത് കണ്ണന്റെ സുഹൃത്തും ചിത്രകാരനുമായ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സനാണ്.

കാഞ്ഞാണിയിൽ വച്ചു നടന്ന ഹ്രസ്വമായ ചടങ്ങിൽ കവി പി.എൻ. ഗോപീകൃഷ്ണൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ, സംവിധായകൻ സജീവൻ അന്തിക്കാട്, അഡ്വ. വി.ഡി പ്രേം പ്രസാദ് ,കെ.വി വിനോദൻ എന്നിവർ സംസാരിച്ചു.