perumbuzha
കാഞ്ഞാണി പെരുമ്പുഴ പാടത്ത് നടപ്പാത കയ്യേറി സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ

കാഞ്ഞാണി: സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിലൂടെ കടന്നു പോകുന്ന റോഡിനിരുവശവും നടപ്പാതയില്ലാതെ യാത്രക്കാർ ദുരിതത്തിലായി .നടപ്പാതയിലാകെ പുല്ല് വളർന്ന് നിൽക്കുന്നതും ,ഇലക്ട്രിക് പോസ്റ്റുകൾ കുന്നുകൂട്ടിയിട്ടിരിക്കുന്നതും ,മാലിന്യങ്ങൾ നടപ്പാതയിൽ തള്ളുന്നതുമാണ് യാത്രക്കാർക്ക് തലവേദന സൃഷ്ടിക്കുന്നത് . പാതക്കിരുവശവും പുല്ല് വളർന്നു നിൽക്കുന്നതിനാൽ റോഡിൽ നിന്നും വാഹനങ്ങൾ നടപ്പാതയിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് .ഏറെ തിരക്കുള്ള തൃശൂർ - വാടാനപ്പിളളി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തു കൂടി കടന്നു പോകുന്ന റോഡിനിരുവശവുമാണ് നടപ്പാത ഇല്ലാത്ത അവസ്ഥയിലായത് . ബസുകളുടെ മത്സരയോട്ടത്തിനിടയിൽ നിന്നും റോഡു വിട്ട് നടപ്പാതയിലേക്കിറങ്ങുന്ന ചെറു വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത് .പാടശേഖരത്തിലേക്ക് വലിച്ചെറിഞ്ഞിരുന്ന മാലിന്യങ്ങൾ ഇപ്പോൾ വലിയ ചാക്കുകളിലാക്കി റോഡിൽ തന്നെയാണ് പലരും ഉപേക്ഷിക്കുന്നത് .ഇവയിൽ തട്ടി ഇരുചക്ര വാഹനങ്ങൾ വീഴുന്നുമുണ്ട് .മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനോ ,തടയാനോ ബന്ധപ്പെട്ടവർക്കായിട്ടില്ല.പല പ്രദേശങ്ങളും ചീഞ്ഞു നാറുന്ന അവസ്ഥയിലാണ് .ഇതു വഴി കടന്നു പോകുന്ന ആരോഗ്യ വകുപ്പ് അധികൃതരും ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു . നടപ്പാത കയ്യേറി കെ. എസ് .ഇ .ബി പോസ്റ്റുകൾ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ .മാസങ്ങളായി കുന്നുകൂട്ടി പല പ്രദേശങ്ങളായി ഇട്ടിരിക്കുന്ന പോസ്റ്റുകൾ പുല്ലുകൾക്കിടയിൽ മറഞ്ഞിരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ് .നൂറിൽ പരം പോസ്റ്റുകളാണ് ഇവിടെയുള്ളത് . ഇതിനിടയിൽ കഴിഞ്ഞ ദിവസവും ഇലക്ട്രിക് പോസ്റ്റുകൾ സൂക്ഷിക്കാൻ കൊണ്ടിറക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പാതയോരത്തെ പുല്ലുകൾ വെട്ടിമാറ്റി മാലിന്യങ്ങൾ എടുത്തു മാറ്റണമെന്നും, മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നടപടി എടുക്കണമെന്നും ,പോലീസ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .