vendaikka-krushi
വീട്ട് മുറ്റത്ത് വിളഞ്ഞ ആനക്കൊമ്പൻ വെണ്ടയ്ക്കയോടൊപ്പം ജോൺ

ചാവക്കാട് : ആനക്കൊമ്പൻ വെണ്ടയ്ക്ക വിളയിച്ച പാലയൂർ തലക്കോട്ടൂർ ജോൺ ഗിന്നസ് റെക്കാഡിലേക്ക്. കാൽ നൂറ്റാണ്ടിലേറെ കാലമായി ജൈവപ്പച്ചകറി കൃഷി നടത്തുന്ന പാലയൂർ സ്വദേശി തലക്കോട്ടൂർ ടി.എഫ് ജോൺ ഗിന്നസ് ജോൺ എന്നറിയപ്പെടാൻ ഇനി അല്പം സാങ്കേതിക നടപടികൾ മാത്രം. ജോണിന്റെ മുറ്റത്തും, വീടിന്റെ മട്ടുപ്പാവിലും വളർന്നു നിന്ന ആനക്കൊമ്പൻ വെണ്ടയുടെ വിളവെടുത്തപ്പോഴാണ് ജോൺ കൊമ്പന്മാരുടെ അളവെടുത്തത്.

വിളവെടുപ്പിൽ കിട്ടിയ അമ്പതോളം ആനക്കൊമ്പൻ വെണ്ടയ്ക്കകളിൽ ഒരുവന് പത്തൊമ്പത് ഇഞ്ച് വലിപ്പമുണ്ട്. നിലവിൽ ഗിന്നസ് ബുക്കിൽ കയറിയ ഏറ്റവും വലിയ വെണ്ടയ്ക്കയുടെ വലിപ്പം പതിനെട്ട് ഇഞ്ചാണ്. ഞെട്ട് മുതലുള്ള അളവെടുത്താൽ ജോണിന്റെ കൈവശം ഇപ്പോഴുള്ള വെണ്ടക്കയ്ക്ക് വലിപ്പം 21 ഇഞ്ച്. ലോകത്തെ ഏറ്റവും വലിയ വെണ്ടക്ക കണ്ട് വിലയിരുത്താൻ കൃഷി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൃഷിവകുപ്പിൽ നിന്നും ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ ജോണും അദേഹത്തിന്റെ വെണ്ടക്കയും ഗിന്നസ് ബുക്കിലേക്ക് കയറും. കഴിഞ്ഞ വർഷം ലഭിച്ച വെണ്ടയ്ക്കയുടെ നീളം പതിനെട്ടര ഇഞ്ച് വലിപ്പമാണുണ്ടായത്. ജൈവവളം മാത്രമിട്ടാണ് അദേഹം വെണ്ടക്ക വളർത്തുന്നത്. 25 വർഷം മുമ്പാണ് നാടൻ വെണ്ടക്ക കൃഷി അദേഹം ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വിരമിച്ച് നാട്ടിലെത്തിയ ജോൺ പച്ചകറി കൃഷിയിലേയ്ക്ക് തിരിഞ്ഞു. വീട് നിൽക്കുന്ന സ്ഥലത്തും, പുറം പറമ്പുകളിലും നെൽക്കൃഷിയാണ് ആദ്യം തുടങ്ങിയത്. നെൽക്കൃഷി ചെലവും, വരവും മുട്ടാതായതോടെ മറ്റു കൃഷികളിലേയ്ക്ക് തിരിഞ്ഞു. തെങ്ങ് കൃഷിയിൽ ഒരുകൈ നോക്കി. ഇടവിളകളായി മറ്റു പച്ചക്കറികളും ഇറക്കി. ഇപ്പോൾ വിവിധയിനം വാഴകൾ, കൊള്ളി, പയർ, മത്തൻ, കുമ്പളം, കൂർക്ക തുടങ്ങി കൃഷിയാണ് ചെയ്യുന്നത്. നഗരസഭയുടെ മികച്ച ജൈവ സമഗ്ര കൃഷി വിഭാഗത്തിൽ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ പാലയൂർ കാർഷിക ക്‌ളബിന്റെ കൺവീനർ കൂടിയാണ് ജോൺ. കൃഷി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും, ഉപദേശങ്ങളും അനുസരിച്ചാണ് ജോൺ ജൈവ പച്ചകറിക്കൃഷി ചെയ്യുന്നത്. . . .