association
മുറി അടച്ച നിലയിൽ

ചാലക്കുടി: സൗത്ത് ജംഗ്ഷൻ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബസ് ട്രാൻസ്‌പോർട്ട് ഓപറേറ്റീവ് അസോസിയേഷന്റെ മുറി നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്തു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തെക്കെ അറ്റത്ത് നഗരസഭ അനുവദിച്ച മുറിയാണ് അധികൃതർ സീൽ ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് ബസുടമകൾക്കും തൊഴിലാളികൾക്കും വിശ്രമിക്കാനായാണ് നഗരസഭ മുറി അനുവദിച്ചത്.

എന്നാൽ നിലവിലെ പ്രസിഡന്റ് പി.പി. ജോഷി സംഘടനയ്ക്ക് ഇനി മുറി ആവശ്യമില്ലെന്ന് കാണിച്ച് നഗരസഭക്ക് കത്ത് നല്കിയിരുന്നു. സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി മറ്റൊരു സംഘടനയുടെ ഭാരവാഹിയുമാണെന്നും കത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭാ റവന്യൂ ഇൻസ്‌പെക്ടർ ജോജു പോളിന്റെ നേതൃത്വത്തിലുള്ള റവന്യു വിഭാഗം വൈകീട്ടോടെ മുറിപൂട്ടിയത്.

നഗരസഭയുടെ തെക്ക് ഭാഗത്ത് 300ഓളം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള മുറിയാണ് സംഘടനയ്ക്ക് അനുവദിച്ചിരുന്നത്. ഈ മുറി ഒരു വിഭാഗം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നഗരസഭ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മറുവിഭാഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പരാതിയിൽ കോടതി സ്റ്റേ അനുവദിച്ചിരുന്നതിനാൽ ഏറ്റെടുക്കൽ നടന്നില്ല.

തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചകൾക്ക് മുമ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുറിക്ക് മുന്നിൽ ധർണ്ണ നടത്തുകയും കൊടികൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് നഗരസഭ മുറി അടച്ചുപൂട്ടി സീൽ വച്ചത്.