തൃശൂർ: ദേശാടനത്തിനിടയിൽ 22,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ചെങ്കാലൻ പുള്ള് (അമൂർ ഫാൽക്കൻ) തൃശൂർ കോൾപ്പാടത്തെത്തി. ഒരു പെൺ പക്ഷിയെയാണ് കോൾപ്പാടത്ത് നിന്ന് കണ്ടെത്തിയത്. വടക്ക് കിഴക്കൻ സൈബീരിയ, വടക്കൻ ചൈന, മംഗോളിയ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി നാഗാലൻഡിലെത്തുന്ന അമൂർ ഫാൽക്കണുകൾ അവിടെ നിന്ന് ആസാമിലേക്കും ബംഗ്ലാദേശിലേക്കും സഞ്ചരിക്കാറുണ്ട്.
പിന്നീട് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ സഞ്ചരിച്ച് തെക്കെ ഇന്ത്യയിലെത്തി അറബിക്കടൽ താണ്ടി ആഫ്രിക്കയിലെത്തും. ശൈത്യകാലം ചെലവഴിക്കാൻ ഇവ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്ക് പറക്കും. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാംഗ് നദിയുടെ തീരത്താണിവ കൂട്ടത്തോടെയെത്തുക. ഇവയുടെ സഞ്ചാരപഥം ലഭിക്കുന്നതിനായി 2013 ൽ ഗവേഷകർ പക്ഷികളുടെ കാലിൽ ഉപഗ്രഹ സംവിധാനത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മോതിരം ഘടിപ്പിച്ചിരുന്നു. അങ്ങനെയാണ് ദീർഘദൂര സഞ്ചാരം കണ്ടെത്തുന്നത്.
കൂട്ടക്കൊലയുടെ ഇര
'ഫാൽകോ അമ്യുറെൻസിസ്' എന്ന് ശാസ്ത്രീയ നാമമുള്ള ഇൗ പക്ഷികൾ ഒക്ടോബറിലും നവംബറിലുമായി ദേശാടനത്തിനിടെ മൂന്നാഴ്ചക്കാലത്തോളം നാഗാലൻഡിലെ മൊക്കോച്ചുംഗ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ ചേക്കാറാറുണ്ട്. ഓരോ വർഷവും ഒന്നേകാൽ ലക്ഷത്തോളം അമുർ ഫാൽക്കണുകൾ നാഗാലാൻഡിൽ വേട്ടയാടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്. ആയിരക്കണക്കിന് പക്ഷികളെ വലവിരിച്ചു പിടിച്ച് കൊന്നുതിന്നാറുമുണ്ട്.
കേരളത്തോടും ഇഷ്ടം
കണ്ണൂരിൽ കനകമലയിൽ ഇവയെ കണ്ടെത്തിയതായി പക്ഷിനിരീക്ഷകരുടെ അന്തർദേശീയ വെബ്‌സൈറ്റായ ഇ ബേർഡ് വ്യക്തമാക്കുന്നു. നാഗാലാൻഡിൽ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞവർഷങ്ങൾ അമൂർ ഫാൽക്കനുകൾ കൂട്ടമായി പാലക്കാട്ടെ മലമ്പുഴയിലും തിരുവനന്തപുരത്തെ വെള്ളായനി കായൽ പരിസരങ്ങളിലും കണ്ണൂരിലെ മാടായിപ്പാറയിലും എത്താറുണ്ട്. തൃശൂരിലെ കോൾപ്പാടങ്ങളിൽ നിന്ന് മുൻ വർഷങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ സൈബീരിയയിലും വടക്കൻ ചൈനയിലുമാണ് ഇവ പ്രജനനം നടത്താറ്. പക്ഷിനിരീക്ഷകനായ കൃഷ്ണകുമാർ കെ അയ്യരാണ് കോൾപ്പാടത്ത് നിന്ന് ഇന്നലെ കണ്ടെത്തിയത്.
മറ്റ് സവിശേഷതകൾ:
ഇരപിടിയൻ പക്ഷി
കണ്ണിന് ചുറ്റും കാലിനും ഓറഞ്ചു നിറം.
പിടയ്ക്ക് അല്പം മങ്ങിയ മുകൾ ഭാഗം.
കടുത്ത് ചിതമ്പലുകൾ പോലുള്ള അടയാളങ്ങൾ.
ഭക്ഷണം പ്രാണികളും ചിതലുകളും.
പറക്കുന്നത് 1000മീറ്ററിലേറെ ഉയരത്തിൽ