ചാലക്കുടി: നഗരത്തിന് ക്രിസ്മസ് സമ്മാനമായി നോർത്ത് ബസ് സ്റ്റാൻഡ് അടുത്തമാസം തുറന്നുകൊടുക്കും. അവാസനഘട്ട നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താനായി നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കുന്നതും റെയിൻ ഗാർഡ് സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ കാലത്താണ് ആനമല ജംഗ്ഷനിൽ നോർത്ത് ബസ് സ്റ്റാൻഡിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പിന്നീട് വന്ന യു.ഡി.എഫ് കൗൺസിൽ കാര്യമായ നിർമ്മാണം ഒന്നും നടത്തിയില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ പിന്നീട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും നടത്തി. സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നിലെ കൈയേറ്റം ഒഴിപ്പിക്കാത്തതിനെ തുടർന്ന് ബസുകൾക്ക് പ്രവേശിക്കാനാകാതെ വന്നു.
ഇപ്പോഴത്തെ കൗൺസിലാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ബസ് സ്റ്റാൻഡ് സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാൻഡിന് മുന്നിലെ മുഴുവൻ കൈയേറ്റവും ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടി. ഡ്രൈനേജ് സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. റെയിൻ ഗാർഡ്, യാത്രക്കാർക്കുള്ള ഇരിപ്പിടം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയുടെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാകും.
സ്റ്റാൻഡിലെ ബസുകൾ
മേലൂർ, കൊരട്ടി, കാടുകുറ്റി ഭാഗത്തേക്കുള്ള ബസുകളുടെ സർവീസുകൾ നോർത്ത് സ്റ്റാൻഡിൽ നിന്നാകും ആരംഭിക്കുക. അതിരപ്പിള്ളിയിലേക്കുള്ള സർവീസുകൾ സൗത്ത് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് നോർത്ത് സ്റ്റാൻഡിൽ പ്രവേശിച്ച് അതിരപ്പിള്ളിയിലേക്ക് പോകണം. എന്നാൽ അതിരപ്പിള്ളിയിൽ നിന്നും തിരികെ വരുമ്പോൾ നോർത്ത് സ്റ്റാൻഡിൽ പ്രവേശിക്കാതെ സൗത്ത് സ്റ്റാൻഡിൽ എത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.