ചാലക്കുടി: ഏറെക്കാലം നീണ്ട വിവാദങ്ങൾക്കൊടുവിൽ ചാലക്കുടിയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം. അടുത്തമാസം രണ്ടാം വാരം നിർമ്മാണോദ്ഘാടനം നടത്താനാണ് നഗരസഭാ തീരുമാനം. മുന്നോടിയായി നിർമാണ ഏജൻസിക്ക് സ്ഥലം കൈമാറുന്ന പ്രവൃത്തികൾ ആരംഭിച്ചു.
പത്ത് വർഷം മുമ്പ് എം.എൻ. ശശിധരൻ ചെയർമാനായ എൽ.ഡി.എഫ് ഭരണ സമിതിയാണ് മൂന്നേക്കർ ഏഴ് സെന്റ് സ്ഥലം കെ.എം.വി പാടത്ത് ഏറ്റെടുത്തത്. അക്വയർ നടപടിക്കെതിരെ സ്ഥലം ഉടമകൾ കോടതിയിൽ പോയതിനെ തുടർന്ന് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. കൂടുതൽ നഷ്ടപരിഹാരത്തുക വേണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
ഇതോടെ പലിശയും മറ്റും ഇനത്തിൽ 28 കോടി രൂപ നഗരസഭ കെട്ടിവയ്ക്കണമെന്ന ഉത്തരവും വന്നു. ഇതിൽ കാലതാമസം വരുത്തിയപ്പോൾ കഴിഞ്ഞ വർഷം നഗരസഭയ്ക്ക് ജപ്തി നോട്ടീസും കിട്ടി. ഇതിനു ശേഷമാണ് പിന്നീട് 14 കോടി രൂപ നഗരസഭ അടച്ചത്. ബാക്കിയുള്ള തുക കൊടുക്കുന്ന കാര്യം ഭരണസമിതിയുടെ പരിഗണനയിലാണ്.
സംസ്ഥാന സർക്കാർ പത്തരക്കോടി രൂപയാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു.
അണിയറയിൽ
ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തുടക്കം അടുത്ത മാസം രണ്ടാം വാരം
കെ.എം.വി പാടത്ത് മൂന്നേക്കർ ഏഴ് സെന്റ് ഏറ്റെടുത്തത് 10 വർഷം മുൻപ്
നഷ്ടപരിഹാരത്തുക കൂട്ടണമെന്ന ഉടമകളുടെ ആവശ്യം പദ്ധതി വൈകിച്ചു
28 കോടി രൂപ കെട്ടിവയ്ക്കണം, ഇതിൽ 14 കോടി രൂപ നഗരസഭ അടച്ചു
ഒരു വർഷത്തിനകം സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കി സമർപ്പിക്കും