മാള : പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള തോട് വൃത്തിയാക്കാമെന്ന അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് കൃഷിയിറക്കിയ കർഷകർക്ക് മുന്നിൽ അധികൃതരുടെ നിഷേധ നിലപാട് വിനയാകുന്നു. പൊയ്യ പഞ്ചായത്തിലെ മാള പള്ളിപ്പുറം ഭാഗത്ത് നെൽക്കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അനുബന്ധ തോട് ശുചീകരണം നടത്താൻ യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി.
തോട് ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിയിറക്കിയ അവസരത്തിൽ തന്നെ പൊയ്യ പഞ്ചായത്തിന് പരാതി നൽകിയിരുന്നതായി കർഷകനായ മാളിയേക്കൽ വിത്സൻ പറഞ്ഞു. മാള പള്ളിപ്പുറം പാടശേഖരത്തിൽ പത്ത് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഈ കർഷകൻ കൃഷി ചെയ്തത്. കൃഷിയോടുള്ള താൽപര്യത്തിൽ മറ്റു സ്ഥലങ്ങളിലും ഇയാൾ കൃഷി ചെയ്തിട്ടുണ്ട്. ജനുവരി പകുതിയോടെ കൊയ്ത്ത് നടത്താവുന്ന നിലയിലുള്ള കൃഷിയാണ് വെള്ളക്കെട്ടിലായത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നാണ് കർഷകർക്ക് ലഭിച്ചിരുന്ന ഉറപ്പ്. പ്രളയശേഷം ഒക്ടോബർ ഒന്നിന് ഇത് സംബന്ധിച്ച് പരാതി നൽകിയ ശേഷമാണ് കർഷകർ കൃഷിയിറക്കിയത്. വായ്പയെടുത്താണ് പല കർഷകരും കൃഷിയിറക്കിയത്. ഇപ്പോൾ കതിർ ആകാറായിട്ടും കൃഷിയിടത്തിൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഈ വെള്ളക്കെട്ട് ഒഴിഞ്ഞില്ലെങ്കിൽ വിളവും കൊയ്ത്തും പ്രതിസന്ധിയിലാകും. പുല്ലും മാലിന്യങ്ങളും നിറഞ്ഞ തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക ആവശ്യത്തിന് പ്രയോജനം ലഭിക്കുന്ന തരത്തിൽ ജോലി ചെയ്യിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.