തൃശൂർ: കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഇനി ശുദ്ധജലത്തെക്കുറിച്ച് ആശങ്കവേണ്ട. പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ ജലം ലഭ്യമാകുന്ന സൗകര്യം കളക്ടറേറ്റിൽ ഒരുങ്ങി കഴിഞ്ഞു. ജില്ല ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാല് മഴവെള്ള സംഭരണികളും രണ്ട് കിണറുകളും ശുചീകരിച്ചാണ് കുടിവെള്ളം ഒരുക്കുന്നത്.

ഓരോ നിലയിലുമായി രണ്ട് വീതം ആറ് ജലശുദ്ധീകരണ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി കളക്ടറേറ്റിലേക്ക് പ്രതിദിനം ആവശ്യമായ രണ്ട് ലക്ഷം ലിറ്റർ ശുദ്ധജലം ലഭ്യമാക്കാനാകും. ജില്ലാ നിർമ്മിതി കേന്ദ്രം വഴി 5.20 ലക്ഷം രൂപ അടങ്കൽ തുകയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. നിലവിൽ പീച്ചി പദ്ധതി വഴിയാണ് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നത്. മഴവെള്ള സംഭരണി പദ്ധതി വഴി ഇനി ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കാൻ സാധിക്കും. 2005 ൽ നിർമ്മിച്ച നാല് മഴവെള്ള സംഭരണികളും 2014 ൽ പ്രവർത്തനരഹിതമായിരുന്നു.

ഇതാണ് ഹരിതകേരളം മിഷൻ സമ്പൂർണ കിണർ റീച്ചാർജ് പദ്ധതി വഴി നവീകരിച്ച് പ്രവർത്തന ക്ഷമമാക്കിയതെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ പി. എസ് ജയകുമാർ അറിയിച്ചു. ഇതിനായി ജില്ലാ നിർമ്മിതി കേന്ദ്രവുമായി മിഷൻ 2018 ജൂലായിൽ കരാറിൽ ഒപ്പുവെച്ചു. അഞ്ച് മാസം കൊണ്ടാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചത്. നാല് മഴവെള്ള സംഭരണികൾ, മൂന്ന് ഫിൽറ്ററുകൾ, ജലം കടത്തിവിടുന്ന പൈപ്പുകൾ തുടങ്ങിയവ ശുചീകരിച്ചും കേടായവ പുനഃസ്ഥാപിച്ചും, പുതിയ ജലശുദ്ധീകരണ ഉപകരണങ്ങൾ സ്ഥാപിച്ചും വാഷ് ബേസിനുകൾ സ്ഥാപിച്ചുമാണ് ജലലഭ്യത ഉറപ്പുവരുത്തിയത്. നവംബർ മൂന്നാംവാരം മുതൽ കളക്ടറേറ്റിൽ ശൗചാലയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുക ഇതുവഴിയാണ്. . .