തൃശൂർ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. അഗസ്റ്റിൻ വട്ടോളിയെ പൗരോഹിത്യ ജീവിതത്തിൽ നിന്നു പുറത്താക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭീഷണി. സീറോ മലബാർ സഭയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്നു വിട്ടുനിൽക്കുന്നില്ലെങ്കിൽ സഭാ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നു നൽകിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസിൽ നീതി ഉറപ്പാക്കാൻ രൂപം കൊടുത്ത സേവ് അവർ സിസ്‌റ്റേഴ്‌സ് മൂവ്‌മെന്റിന്റെ കൺവീനർ എന്ന നിലയിൽ ഫാ. വട്ടോളി നടത്തുന്ന പ്രവർത്തനങ്ങളെ 'കുറ്റകൃത്യമായി' കണ്ടാണ് സഭാ നേതൃത്വം നടപടികൾക്ക് തയ്യാറെടുക്കുന്നത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുൾപ്പെടെ പ്രതിയായ ഭൂമിയിടപാടിലെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടത്തിന് ഫാ.അഗസ്റ്റിൻ പിന്തുണ നൽകിയിരുന്നു.

ഭൂമിയിടപാടിൽ നടന്ന കൃത്രിമങ്ങൾ പുറത്തു കൊണ്ടുവന്നതോടെ ഫാ. വട്ടോളിക്കെതിരെ സഭാ നേതൃത്വം തിരിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഫാ. അഗസ്റ്റിൻ വട്ടോളി നിലയുറപ്പിച്ചത്. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ പതിന്നാല് ദിവസത്തോളം എസ്.ഒ.എസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിന്റെ സമ്മർദ്ദത്തിലായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഫ്രാങ്കോ കേസ് അട്ടിമറിക്കുമെന്നും കന്യാസ്ത്രീകളുടെ ജീവന് അപകടമുണ്ടാക്കുമെന്നും പരാതി ഉയർത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ എസ്.ഒ.എസിന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചിരുന്നു.

നവംബർ 14ന് നടത്തിയ ധർണയിൽ എസ്.ഒ.എസ് മൂവ്‌മെന്റ് കൺവീനർ എന്ന നിലയിൽ പുരോഹിതനായ അഗസ്റ്റിൻ വട്ടോളി പങ്കെടുത്തത് പൊതുസമൂഹത്തിൽ സഭയുടെ സൽപേരിന് ദോഷമുണ്ടാക്കിയെന്നും വിശ്വാസ്യതയെ തകർക്കുന്നതിന് കാരണമായെന്നുമാണ് അതിരൂപതയുടെ കണ്ടെത്തൽ. ഇത്തരം ധർണകളിൽ നിന്നു ഫാ. വട്ടോളിയെ ശക്തമായി വിലക്കുകയാണെന്നും മേലിൽ പങ്കെടുത്താൽ, അനുസരണക്കേടിന് സഭാ ചട്ട പ്രകാരം നടപടി സ്വീകരിക്കുമെന്നുമാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌ത്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


മറുപടി 25 നകം നൽകും


സഭാനേതൃത്വം നൽകിയ കത്തിന് 25ന് മുമ്പ് മറുപടി നൽകുമെന്ന് ഫാ. അഗസ്റ്റിൻ വട്ടോളി കേരളകൗമുദിയോട് പറഞ്ഞു. അതിന് ശേഷം അവർ എടുക്കുന്ന കാര്യങ്ങൾക്ക് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സുഹൃത്തുക്കളായ വൈദികരുമായി ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


(ഫാ.അഗസ്റ്റ്യൻ വട്ടോളി)