ചാലക്കുടി: ദേശീയ പാതയിലൂടെ കാറിൽ കടത്തുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. കാർ ഡ്രൈവർ അറസ്റ്റിലായി. വരന്തരപ്പിള്ളി തുണ്ടിക്കട ഗോപിയുടെ മകൻ അനിൽ കുമാറിനെയാണ് (30) എസ്.ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും വെള്ളാങ്കല്ലൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോയതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. എത്തിയോസ് കാറിന്റെ ഡിക്കിയിൽ 35 ലിറ്റർ കൊള്ളുന്ന പത്ത് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽ വച്ചാണ് അനിൽ കുമാറിന്റെ പക്കൽ സ്പിരിറ്റ് അടങ്ങുന്ന കാറ് കിട്ടുന്നത്.
വെള്ളാങ്കാല്ലൂരിൽ എത്തുമ്പോൾ ഫോണിൽ ലഭിക്കുന്ന സന്ദേശ പ്രകാരം പ്രവർത്തിക്കണമെന്നായിരുന്നു നിർദ്ദേശം. രഹസ്യ വിവരം ലഭിച്ച ചാലക്കുടി എസ്.ഐ മുനിസിപ്പൽ ജംഗ്ഷനിലെ സർവീസ് റോഡിൽ വച്ചായിരുന്നു സ്പിരിറ്റ് പിടികൂടിയത്. ഓട്ടോ മൊബൈൽ എൻജിനീയറിംഗ് ബിരുദധാരിയായ അനിൽ കുമാറിന് നേരത്തെ ഗൾഫിലായിരുന്നു ജോലി. ലീവിൽ വന്ന ശേഷം ഒരു സ്വകാര്യ ആയുർവേദ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ സ്പിരിറ്റ് ലോബിയുമായി ചങ്ങാത്തത്തിലായി, സ്പിരിറ്റ് കടത്തിലേക്ക് തിരിഞ്ഞു. കൂടുൽ തെളിവുകൾക്കായി അന്വേഷണം ആരംഭിച്ചതായി ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് പറഞ്ഞു. ക്രൈം സ്‌ക്വാഡ് എസ്.ഐ വത്സകുമാർ വി.എസ്, ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി മുഹമ്മദ് റാഫി, എ.എസ്.ഐമാരായ സുനിൽ പി.സി, ജിനുമോൻ തച്ചേത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജയകൃഷ്ണൻ പി.വി, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, മനോജ് ടി.ജി., പി.എം മൂസ, വി.യു. സിൽജോ, റെജി എ.യു, ഷിജോ തോമസ്, ലിജു ഇയ്യാനി, സൂരജ് വി. ദേവ് ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വേണുഗോപാലൻ ടി.കെ, സീനിയർ സി.പി.ഒ മുഹമ്മദ് റാഷി, ഷാജു എം.ടി, രാജേഷ് ചന്ദ്രൻ ,ദീപു പി .വി, ഷൈജു എന്നിവരുമുണ്ടായിരുന്നു. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. . .