മാള: എൽ.ഡി.എഫ്. ചർച്ച പരാജയപ്പെട്ടതോടെ അന്നമനട പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐ. മത്സരിക്കാൻ തീരുമാനിച്ചു. സി.പി.ഐ.യിലെ ടി.കെ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായി സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.കെ അനിലൻ അറിയിച്ചു.
ഇന്ന് നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സി.പി.ഐ. തനിച്ച് തീരുമാനിക്കുകയായിരുന്നു. എൽ.ഡി.എഫിൽ നടന്ന ചർച്ച പരാജയപ്പെട്ടതാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ ഇടയാക്കിയതെന്ന് സി.പി.ഐ നേതാക്കൾ അറിയിച്ചു. കോൺഗ്രസിലെ കെ.കെ രവി നമ്പൂതിരിയുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോടതിയിലെ കേസിനായി ചെലവഴിച്ച തുകയുടെ മൂന്നിലൊന്ന് സി.പി.എം ആവശ്യപ്പെട്ടതായി സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ അനിലൻ പറഞ്ഞു.
അതേസമയം മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കി. ഇപ്പോഴത്തെ അംഗബലം അനുസരിച്ച് എൽ.ഡി.എഫിന് മുൻതൂക്കമുണ്ട്. കെ.കെ രവി നമ്പൂതിരിയുടെ അംഗത്വം റദ്ദായതോടെ 18 അംഗ ഭരണസമിതിയിലിപ്പോൾ 17 പേരായിട്ടുണ്ട്. എൽ.ഡി.എഫിന് 9 അംഗങ്ങളും യു.ഡി.എഫിന് 8 പേരുമാണുള്ളത്. പ്രസിഡന്റ് സ്ഥാനം ഇപ്പോഴും യു.ഡി.എഫിനാണ്.