എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിൽ പൊതുകിണറിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചിറ്റണ്ട സ്കൂളിനു സമീപമാണ് കിണർ സ്ഥിതി ചെയ്യുന്നത്. കോളനി റോഡരികിലുള്ള കിണറിൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ വർഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാർഡ്മെമ്പറുടെ നേതൃത്വത്തിൽ കിണറും പരിസരവും ശുചീകരിച്ചിരുന്നു. എന്നാൽ പാഴ്ചെടികൾ വളർന്നും മാലിന്യം നിറഞ്ഞും കിണർ ഇപ്പോൾ നശിച്ച് കൊണ്ടിരിക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് കിണറിനു സമീപം വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയെങ്കിലും കിണറിനെ തീർത്തും അവഗണിച്ചു വെന്നും ആക്ഷേപമുണ്ട്. പൊതുകിണറിന്റെ തൊട്ടടുത്താണ് ചിറ്റണ്ട സ്കൂളിലെ കിണറും സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് കുട്ടികൾ കുടിവെള്ളമായി ഉപയോഗിക്കുന്ന ഈ കിണറ്റിലേക്ക് പൊതുകിണറിലെ മലിന ജലം ഉറവയായി വരുവാൻ സാധ്യതയുണ്ടെന്നും പറയുന്നു. ഒമ്പതാം വാർഡിലെ ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോർഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ തള്ളുന്നത് തുടരുകയാണ്. ജലസ്രോതസ് മലിനപ്പെടുത്തുന്നതിനെതിരെ നിയമം കർശനമാണെങ്കിലും അധികൃതർ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.