തൃശൂർ: സർക്കാരിന്റെ വാക്ക് വിശ്വസിച്ച് കോൾപ്പാടങ്ങളിൽ നിന്ന് നെല്ല് ചാക്കിലാക്കി തൂക്കം നോക്കി വണ്ടിയിൽ കയറ്റിക്കൊടുത്ത കർഷകർക്ക് ഇതുവരെ പണം ലഭിച്ചില്ല. നാലു മാസം കഴിഞ്ഞിട്ടും ജോലി ചെയ്ത വകയിലുള്ള പണം ലഭിക്കാത്ത സാഹചര്യത്തിൽ കോൾ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സപ്‌ളൈകോയും മില്ലുടമകളും തമ്മിലുള്ള കരാർ അനുസരിച്ച് കൊയ്ത്ത് കഴിഞ്ഞ് നെല്ല് ചാക്കിലാക്കി തുന്നിക്കെട്ടി തൂക്കം നോക്കി വാഹനത്തിൽ കയറ്റുന്ന പണി മില്ലുടമകളാണ് ചെയ്യേണ്ടത്.

ഈ പണികൾ ചെയ്യുന്നതിന് ഒരു കിലോയ്ക്ക് 49 പൈസ ഭക്ഷ്യപൊതുവിതരണ വകുപ്പ് മില്ലുടമകൾക്ക് നൽകുന്നുണ്ട്. മില്ലുകാർ പടവ് കമ്മിറ്റികളെക്കൊണ്ട് ഈ ജോലി ചെയ്യിപ്പിച്ച് കിലോയ്ക്ക് 12 മാത്രം നൽകുന്നതായിരുന്നു പതിവ്. വർഷങ്ങളായി തുടരുന്ന പതിവിനെതിരെ കർഷകർ മുന്നോട്ടുവരികയും ഇക്കുറി കൃഷിയിറക്കില്ലെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തതോടെ കൃഷി മന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചു. മില്ലുകാർ ചെയ്യേണ്ട ജോലി പടവു കമ്മിറ്റിക്കാർ ചെയ്യുന്നുണ്ടെങ്കിൽ പണത്തിനുള്ള അർഹത അവർക്കാണെന്ന് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ തീരുമാനമായി.

ഇതനുസരിച്ച് ഒരു കിലോ അരി കയറ്റുന്നതിന് 49 പൈസ കോൾപ്പടവ് കമ്മിറ്റിക്കാർക്ക് ലഭിക്കണം. ഇക്കുറി സംഭരണത്തിന് കുറച്ചുദിവസം മാത്രം ബാക്കിയിരിക്കെ, മുൻവർഷം ലഭിക്കേണ്ട കൂലിചോദിച്ചപ്പോൾ കൈമലർത്തിയതോടെയാണ് കർഷകർ പ്രതിഷേധം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്തിയെങ്കിലും ഇതുസംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചില്ലെന്നാണ് സിവിൽ സപ്‌ളൈസ് വകുപ്പിന്റെ നിലപാട്. ഫലത്തിൽ കഴിഞ്ഞ വർഷം നെല്ലുകയറ്റിയ വകയിൽ ഒരു കോൾപ്പടവ് കമ്മിറ്റിക്കും ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. എതിർത്താൽ മില്ലുടമകൾ നെല്ല് ഏറ്റെടുക്കില്ലെന്ന ഭയത്തിലാണ് മുൻവർഷംവരെ നെല്ലുടമകളുടെ ഭീഷണിക്ക് മുന്നിൽ കർഷകർ മുട്ടുമടക്കിയത്. ചുമട്ട് തൊഴിലാളികളെ ഉപയോഗിച്ചാണ് പടവ് കമ്മിറ്റികൾ ലോറികളിൽ നെല്ല് കയറ്റുന്നത്.


മുന്നറിയിപ്പ് നൽകും

അടുത്ത ദിവസം ജില്ലാ കർഷകസംഘം ഭാരവാഹികൾ തിരുവനന്തപുരത്തെത്തി മന്ത്രിമാരുമായി ചർച്ച നടത്തും. കർഷകർക്ക് ലഭിക്കാൻ ആവശ്യമായ പണം നൽകാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും. വൈകിയാൽ സമരവുമായി മുന്നോട്ടുപോകും
കെ.കെ കൊച്ചുമുഹമ്മദ്.

ജില്ലയിൽ കൃഷിയിറക്കുന്നത് 30,000 ഏക്കറിൽ

കൊയ്‌തെടുക്കുന്ന നെല്ല് 60,000 ടൺ