തൃശൂർ : ജില്ലയിൽ വനഭൂമി പട്ടയങ്ങൾ അടക്കം 8097 പട്ടയങ്ങൾ ഡിസംബർ പത്തിന് വിതരണത്തിന് തയ്യാറായതായി റവന്യൂ വകുപ്പ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലയിലെ ആദിവാസി മലയോര മേഖലകളിൽ 60 വനഭൂമി പട്ടയങ്ങൾ നൽകും. വനഭൂമി പട്ടയത്തിന്റെ സംയുക്ത പരിശോധന റിപ്പോർട്ട് കാണാതായ സംഭവത്തിൽ ആക്ഷേപങ്ങൾ തീർപ്പാക്കാൻ വകുപ്പുതല, പൊലീസ് തല അന്വേഷണം നടത്താൻ ഡോ. പി.കെ. ബിജു എം.പി നിർദ്ദേശിച്ചു.
വനഭൂമി പട്ടയങ്ങൾക്ക് മരവില ഈടാക്കി നൽകുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാൻ റവന്യൂ, വനംവകുപ്പ് ജില്ലാതല യോഗം നടത്താനും തീരുമാനമായി. വനഭൂമി പട്ടയങ്ങൾ സർവേ നമ്പർ, മരവില, സർക്കാർ ഉത്തരവ് എന്ന ക്രമത്തിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ 623 വനഭൂമി പട്ടയങ്ങളാണ് ഉള്ളതെന്നും ബാക്കിയുള്ളവയുടെ വിതരണം അടുത്ത ഘട്ടത്തിൽ പൂർത്തിയാക്കുമെന്നും ജില്ലാകളക്ടർ ടി.വി അനുപമ യോഗത്തിൽ അറിയിച്ചു. പ്രളയത്തിൽ വീടുതകർന്ന പുറമ്പോക്കിൽ താമസിക്കുന്ന 209 പേർക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.
നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി 2600 ഓളം പേരുടെ പുനരധിവാസം പൂർത്തിയാക്കി. പകുതിപ്പേർക്ക് ഭൂമി കണ്ടെത്തുന്ന നടപടിയും പൂർത്തിയാക്കി. ഭൂമി ലഭിക്കാത്ത 210 പേർക്ക് ഭൂമി കണ്ടെത്താനും യോഗത്തിൽ നിർദ്ദേശമുയർന്നു. ജില്ലയിൽ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ളാറ്റിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലയിലെ വടക്കാഞ്ചേരി, കൈപ്പമംഗലം, നാട്ടിക തുടങ്ങിയ നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കെൽട്രോണുമായി കരാർ ഉറപ്പിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടങ്ങളിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ആകെ 10 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ജില്ലാ കളക്ടർ ടി.വി. അനുപമ, സി.എൻ. ജയദേവൻ എം.പി., ബി.ഡി.ദേവസി എം.എൽ.എ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ എന്നിവരും പങ്കെടുത്തു.