pottuvellari
സിനോജ്, രജീഷ് എന്നിവർ പൊട്ടുവെള്ളരി വിളവെടുക്കുന്നു

മാള : പ്രളയത്തിന്റെ നഷ്ടകാലത്തിൽ നിന്ന് കർഷകർക്ക് അതിജീവനത്തിനുള്ള താങ്ങും തണലുമായി പൊട്ടുവെള്ളരി കൃഷി. പ്രളയം എല്ലാം കവർന്നെടുത്ത മണ്ണിലാണ് കർഷകർ പൊട്ടുവെള്ളരിയിൽ മികച്ച നേട്ടം കൈവരിച്ചത്. മാള അഷ്ടമിച്ചിറയിൽ യുവ കർഷകരായ കെ.എസ് സിനോജ്, രജീഷ് എന്നിവർ ചേർന്നാണ് പൊട്ടുവെള്ളരി കൃഷി ചെയ്തത് വിളവെടുക്കുന്നത്.

എല്ലാം കവർന്നെടുത്ത പ്രളയം അവശേഷിപ്പിച്ച മണ്ണിൽ വിശ്വാസമർപ്പിച്ചാണ് വീണ്ടും കൃഷിയിറക്കിയത്. കഴിഞ്ഞ ഓണത്തിന് വിളവെടുക്കാവുന്നത് അടക്കം രണ്ടായിരത്തോളം വാഴകളും പച്ചക്കറി കൃഷികളുമാണ് പ്രളയത്തിൽ നശിച്ചത്. തുടർന്ന് വിവിധ കൃഷികൾ വീണ്ടും നടത്തിയാണ് ഈ യുവകർഷകർ പ്രകൃതിയോട് ഐക്യപ്പെട്ടത്. എന്നാൽ പൊട്ടുവെള്ളരി മാത്രമാണ് ഈ ഘട്ടത്തിൽ വിളവെടുപ്പ് തുടങ്ങിയത്.

ശരീരത്തിന് കുളിരേകുന്ന പൊട്ടുവെള്ളരി കൃഷിയിൽ മികച്ച നേട്ടം മുൻ വർഷങ്ങളെ പോലെ ഇക്കുറിയും നേടാനായി. എന്നാൽ മറ്റു വിളകൾ നഷ്ടപ്പെട്ടതിനാൽ ഇത്തവണ നേരത്തെയാണ് പൊട്ടുവെള്ളരി കൃഷിയിറക്കിയതും വിളവെടുത്തതും. കടുത്ത വേനലിലെ വിപണിയും ആവശ്യവും കണക്കിലെടുത്ത് വ്യാപകമായി കൃഷിയിറക്കാറുണ്ട്. ഇത്തവണ രണ്ടാം തവണയും കൃഷിയിറക്കാവുന്ന നിലയിലാണ് വിളവെടുപ്പ് നടത്തുന്നത്. വളരെ വേഗത്തിൽ വിളവെടുക്കാവുന്ന പൊട്ടുവെള്ളരി മികച്ച സാമ്പത്തിക നേട്ടം നൽകും. വാഴ, പയർ, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് അടക്കമുള്ള കൃഷികളും ഇവർ ചെയ്തിട്ടുണ്ട്.