തൃശൂർ : രാമവർമ്മപുരത്ത് ആയുർവേദ മരുന്ന് ഗോഡൗണിൽ അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടം. പൊലീസ് അകാഡമിക് എതിർവശത്തുള്ള റോഡിൽ പ്രവർത്തിക്കുന്ന ബങ്കി എന്ന മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളിലെ രാമച്ചമാണ് കത്തി നശിച്ചത്. നെയ്യ് ഉൾപ്പെടെ ലക്ഷങ്ങളുടെ സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരുന്നതിന് മുമ്പ് തൃശൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം തീ അണച്ചു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.
ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ എ.എൻ ലാസറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ ഷംസുദ്ധീൻ, അനിൽകുമാർ, ശ്യാം, അനിൽ, ജിത്തു, ജോൺ ബ്രിട്ടോ, സതീഷ്, ഹരികുമാർ, അശോകൻ എന്നിവരും ഫയർ ഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നു. . .