തൃശൂർ : വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി, സി.പി.എം പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിലവിലെ സമിതിയിലെ രണ്ട് പേരെ രാജിവയ്പ്പിക്കാമെന്ന ഉറപ്പ് നീട്ടിക്കൊണ്ടുപോകുന്നതായി പരാതി. രണ്ടാഴ്ച മുമ്പ് സമിതിയിലെ രണ്ട് പേരെ രാജിവയ്പ്പിക്കാമെന്നും പകരം മറ്റ് രണ്ട് പേരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാമെന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയായി ഹരിഹരൻ ചുമതലയേറ്റത്. എന്നാൽ ഇതുവരെയായിട്ടും പുനഃസംഘടന നടക്കാത്തതിനാൽ താൻ രാജിവയ്ക്കുകയാണെന്ന് ഇദ്ദേഹം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് പ്രശ്‌നത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇടപെടുകയും 29 ന് പുതിയ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം വരുന്നതോടെ രണ്ടാളെ രാജിവയ്പ്പിക്കാമെന്നുമാണ് പറഞ്ഞിരിക്കുന്നത്. രണ്ട് പേർ രാജിവയ്ക്കുന്ന ഒഴിവിൽ മുൻ സമിതിയിൽ ഉണ്ടായിരുന്ന എം.ജി രഘുനാഥ്, കെ.കെ നായർ എന്നിവരെ നോമിനേറ്റ് ചെയ്യാം എന്നാണ് ധാരണ. ഹിന്ദു എം.എൽ.എമാരാണ് ബോർഡ് അംഗത്തെ തിരഞ്ഞെടുക്കുന്നത്. ഇതിനിടെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയും മുൻ മേയറുമായ പ്രൊഫ.ആർ. ബിന്ദുവിനെ കൊണ്ടു വരാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ആദ്യമായിട്ടായിരിക്കും ഒരു വനിത, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുന്നത്. . ..