എരുമപ്പെട്ടി: എരുമപ്പെട്ടി പതിയാരം കാവലൻ ചിറയിലെ മത്സ്യ വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാർ. കുന്നത്തേരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റോസി പോൾ, പാടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു. പതിയാരം, കുന്നത്തേരി പാടശേഖരങ്ങളിലേക്ക് കാർഷിക ജലസേചനത്തിനായി സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് കാവലൻ ചിറ പുനരുദ്ധാരണം നടത്തിയത്.
കുളത്തിന്റെ സംരക്ഷണം കുന്നത്തേരി പാടശേഖര സമിതിക്കാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ നെല്ലും മീനും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളത്തിൽ മത്സ്യ നിക്ഷേപം നടത്തിയത്. ഒരേക്കർ വരുന്ന കുളത്തിൽ ചണ്ടി നീക്കം ചെയ്താണ് മീൻ പിടുത്തം നടത്തിയത്. വരാൽ, കട്ടില എന്നീ മത്സ്യങ്ങളാണ് വിളവെടുപ്പിൽ കൂടുതലും ലഭിച്ചത്. വരും വർഷങ്ങളിൽ മത്സ്യ നിക്ഷേപം വർദ്ധിപ്പിക്കുവാനാണ് പാടശേഖര സമിതിയുടെ തീരുമാനം.