kolpadam
വെള്ളം ഒഴിയാത്തതിനാൽ കൃഷി മുടങ്ങി കിടക്കുന്ന എറവ് കൊടയാട്ടി കോൾപടവ്

അരിമ്പൂർ: എറവ് കൊടയാട്ടി കോൾപ്പാടത്തെ 200 ഏക്കറിൽ കൃഷിയിറക്കാൻ വൈകുന്നു. കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാനുള്ള പടവുകമ്മിറ്റിയുടെ ശ്രമം ഒരു മാസം കഴിഞ്ഞിട്ടും ഫലം കാണാത്തതാണ് കാരണം. കൃഷിയിറക്കാൻ വൈകുന്നതിൽ കർഷകർക്കും പ്രതിഷേധമുണ്ട്.

ഇതേ പടവിലാണ് ഗെയിൽ പൈപ്പ് ലൈനിനായി കൊണ്ടുവന്ന ഭൂമി തുരക്കുന്ന യന്ത്രങ്ങൾ മണ്ണിൽ താഴ്ന്നുകിടക്കുന്നത്. ആ ഭാഗത്ത് 16 ഏക്കർ ഭൂമി തരിശിടാൻ കമ്പനിയും കർഷകരും കരാർ ഉണ്ടാക്കിയിട്ടുണ്ട്. കൊടയാട്ടി പടവു കമ്മിറ്റി നിലം ഉഴുതുമറിക്കുന്നതിന് ചുമതലപ്പെടുത്തിയ കരാറുകാരന് മുൻപരിചയം ഇല്ലാത്തതാണ് വെള്ളം വറ്റിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് കർഷകകരുടെ ആരോപണം.

30 ദിവസം കഴിഞ്ഞിട്ടും വെള്ളം വറ്റിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇവിടെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കുന്ന പ്രവൃത്തി മന്ദഗതിയിലാണ് നീങ്ങുന്നത്. വെള്ളം വറ്റിക്കാൻ തുടങ്ങിയ സമീപത്തെ വിളക്കുമാടം കോൾപ്പടവിൽ നിലം ഉഴുതുമറിക്കുന്ന പ്രവൃത്തി വരെ കഴിഞ്ഞതായി കർഷകർ പറയുന്നു.

 മനഃപൂർവം താറടിക്കുന്നു

പടവ് കമ്മിറ്റിയെ മനഃപൂർവം താറടിക്കാനുള്ള കുതന്ത്രങ്ങളുമായി ചിലർ ഇറങ്ങിയിരിക്കുകയാണ്. കൃഷിയിറക്കാനാകില്ലെന്നും മറ്റുമുള്ള ഇവരുടെ ആരോപണത്തിൽ കഴമ്പില്ല.

- കെ. വേണുഗോപാൽ, കൊടയാട്ടി കോൾപ്പടവ് സെക്രട്ടറി

 കൃഷിയിറക്കാനാകില്ല

പാടശേഖരത്തിൽ നിന്നുള്ള വെള്ളം ചാലിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്തെ പൈപ്പുകൾ തകർന്നത് പടവ് കമ്മിറ്റി റിപ്പയർ ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ തയ്യാറായിട്ടില്ല, രണ്ടേക്കർ നിലത്തിൽ ഇത്തവണ കൃഷിയിറക്കാനാവില്ല.

- നിഷാദ് കണിയാംപറമ്പിൽ, കർഷകർ