alapad-hos
ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം

ചാഴൂർ: ആലപ്പാട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അവധി ദിനങ്ങളിൽ ഒ.പിയിൽ രോഗികളെ പരിശോധിക്കാനായി ആകെയുള്ളത് ഒരു ഡോക്ടർ. അതും രാവിലെ 9 മുതൽ 1 വരെ മാത്രം. അവധി ദിനങ്ങളിൽ ശരാശരി 200 രോഗികളും , പ്രവൃത്തി ദിനങ്ങളിൽ ശരാശരി 300 രോഗികളും ഇവിടെ ചികിത്സയ്ക്കെത്തുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്നതിന് അഞ്ച് ഡോക്ടർമാരുമുണ്ട്. അവധി ദിനങ്ങളിൽ രോഗികളെത്തുന്ന സമയത്ത് ഒരു ഡോക്ടറെ മാത്രം ഡ്യൂട്ടി ഏൽപ്പിച്ച് മറ്റ് ഡോക്ടർമാർ അവധിയെടുക്കുന്നെന്നാണ് ആരോപണം.

അതിനാൽ രോഗികൾക്ക് മണിക്കൂറുകൾ വരിയിൽ കാത്തുനിന്നാലേ ഡോക്ടറെ കാണാനാകുന്നുള്ളൂ എന്നതാണ് അവസ്ഥ. രോഗികൾക്കും കൂടെ വരുന്നവർക്കും ഈ സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. കുട്ടികളെ കൂടെ കൊണ്ടു വരുന്ന അമ്മമാരും മണിക്കൂറുകൾ കാത്തുനിന്നു വലഞ്ഞു. ചികിത്സയ്ക്കായി ഇവിടെ എത്തുന്നവർക്കും ഏതെങ്കിലും അസുഖം ആശുപത്രിയിൽ നിന്ന് തന്നെ പിടിപെടുമെന്ന അവസ്ഥയാണുള്ളത്. ആലപ്പാട്, ചാഴൂർ, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പ്രദേശങ്ങളിലുള്ളവർക്ക് ഏക ആശ്രയമായ ഈ ആശുപത്രിയിൽ ഒഴിവ് ദിനങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനമെങ്കിലും ഉറപ്പ് വരുത്താനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. രോഗികൾക്ക് ചികിത്സ നൽകാൻ താമസിക്കുന്ന സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണെന്നും നാട്ടുകാർ പറഞ്ഞു. അന്തിക്കാട് ആശുപത്രിയിൽ ഒപ്പിട്ട് ഡോക്ടർമാർ മുങ്ങുന്നതും പിടിക്കപ്പെട്ടത് ഈയിടെയാണ്.