തൃശൂർ: സാമൂഹിക നീതി ഉറപ്പാക്കാൻ ബി.ഡി.ജെ.എസ് അധികാരത്തിൽ വന്നേ മതിയാകൂവെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ നേതൃത്വ ക്യാമ്പ് ഒളര എസ്.എൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കരുത്ത് എന്താണെന്ന് നാം മനസിലാക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി പ്രവർത്തിച്ചപ്പോൾ വോട്ടുബാങ്കിന്റെ കാര്യത്തിൽ മറ്റു പാർട്ടികളെക്കാൾ വളരെയേറെ മുന്നിലാണ് ബി.ഡി.ജെ.എസെന്ന് തെളിഞ്ഞു. ഇടത് വലത് മുന്നണികളിലെ ഘടകകക്ഷികളുടെ കാര്യം ദയനീയമാണ്. യു.ഡി.എഫിൽ രണ്ടാം സ്ഥാനത്തുള്ള മുസ്ളിം ലീഗിന്റെ ശക്തി രണ്ടോ മൂന്നോ ജില്ലകളിൽ മാത്രം ഒതുങ്ങും. ഇടത് മുന്നണിയിൽ സി.പി.ഐ കഴിഞ്ഞാൽ ബാക്കിയുള്ള പാർട്ടികളൊക്കെ ഏതെങ്കിലും ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. അത് വച്ചുനോക്കുമ്പോൾ കേരളം മുഴുവൻ ശക്തമായ വേരോട്ടമുള്ള പാർട്ടിയാണ് ബി.ഡി.ജെ.എസ്. ബി.ഡി.ജെ.എസെന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ വിമർശനം ഉന്നയിച്ചവർ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്വാഗതം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. രാജ്യത്തെ മുന്നോട്ടു നയിക്കുന്ന എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.സുമായി സഹകരിക്കാൻ പുതിയ തലമുറ തയ്യാറാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ചു സീറ്റെങ്കിലും ബി.ഡി.ജെ.എസിന് ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. അതിൽ കൂടുതൽ സീറ്റു ലഭിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും തുഷാർ ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു വിശിഷ്ടാതിഥിയായി. സംസ്ഥാന സെക്രട്ടറി പി.ടി. മന്മദൻ, എറണാകുളം ജില്ലാ പ്രസിഡന്റ് എം.ബി. ജയപ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു.