kadathuvallam-palissery
കൃഷിയിടത്തിൽ കടത്തുവള്ളം തകർന്നുകിടക്കുന്നു

മാള: പാലിശേരിയിലെ കൃഷിയിടത്തിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ തകർന്ന കടത്തുവള്ളം കൃഷിയിറക്കുന്നതിന് വിലങ്ങുതടിയാകുന്നു. ചാലക്കുടിപ്പുഴയിൽ പാൽപ്പുഴ കടവിലെ കടത്തുവള്ളമാണ് രക്ഷാപ്രവർത്തനത്തിനിടയിൽ തകർന്നത്. സ്‌കൂളിന് സമീപം വഴിയോരത്തെ മരത്തിലിടിച്ച ഈ ഫൈബർ വള്ളം ഭാഗികമായി തകർന്നതിനാൽ നീക്കം ചെയ്യാതെ കിടക്കുകയാണ്.

വള്ളം ഉപയോഗശൂന്യമായതോടെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്. അന്നമനട പഞ്ചായത്ത് ലേലം ചെയ്ത് കൊടുത്ത കടവിലെ വള്ളം തകർന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താത്കാലികമായി ചെറിയ വള്ളത്തിലാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. തകർന്ന വള്ളം സ്ഥലം പകുതിയോളം അപഹരിച്ചു കിടക്കുന്നതിനാൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് സ്ഥലമുടമയായ പി.ആർ രൂപേഷ് പറഞ്ഞു.

വഞ്ചി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്നമനട പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പി.ആർ രൂപേഷ് വ്യക്തമാക്കി. ഈ സ്ഥലത്ത് ശേഷിക്കുന്ന ഭാഗത്ത് പ്രളയശേഷം വാഴ വച്ചിരിക്കുകയാണ്. വള്ളം കിടക്കുന്ന ഭാഗം ഒഴിച്ചിട്ട് ശേഷിക്കുന്ന സ്ഥലത്ത് പൂർണമായി വാഴയോ മറ്റു കൃഷികളോ ചെയ്‌താൽ പിന്നീട് നീക്കം ചെയ്യേണ്ടി വന്നാൽ കൃഷി നശിപ്പിക്കേണ്ടി വരും.

പാലിശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ പ്രധാന റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് മൂന്ന് മാസത്തിലധികമായി ഈ കടത്തുവള്ളം ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ബന്ധപ്പെട്ടവർ നീക്കം ചെയ്തില്ലെങ്കിൽ വൈകാതെ വള്ളം പൂർണമായി കാടുകയറും. ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച പ്രദേശം കൂടിയായ അന്നമനട പഞ്ചായത്തിലെ പാലിശേരിയിൽ ഒരു അവശേഷിപ്പായി ഈ വള്ളം മാറി. ഇത്തരത്തിൽ കൃഷിയിടത്തെ നശിപ്പിക്കുന്ന തരത്തിൽ പ്രളയത്തിന്റെ ഓർമ്മപ്പെടുത്തൽ കർഷകന് വിനയായി മാറി.