തൃശൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിലെ 44 താത്കാലിക ജീവനക്കാരിൽ 13 പേരെ സർക്കാർ സ്ഥിരപ്പെടുത്തിയ നടപടിയെ ചൊല്ലി വിവാദം. സ്ഥിര നിയമനം ലഭിക്കാത്ത 31 പേർ കോടതി കയറാനുള്ള നീക്കത്തിലാണ്. നടപടി പാർട്ടിക്കുള്ളിൽ തന്നെ അമർഷത്തിന് വഴി വച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് 13 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തത്. 2006 ജൂൺ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. മറ്റ് ജില്ലകളെ തള്ളി തിരുവനന്തപുരം ലോബിയാണ് ഇതിന് പിന്നിൽ കളിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ലൈബ്രറി കൗൺസിൽ നിയമനം പി.എസ്.സി വഴിയാക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. 2007ലെ സർക്കാർ തീരുമാനിച്ചിട്ടും ഒമ്പത് വർഷം കഴിഞ്ഞിട്ടും ഒരാളെ പോലും പി.എസ്.സി വഴി നിയമിച്ചിട്ടില്ല. 100ൽ അധികം ജീവനക്കാരെ പി.എസ്.സി വഴി നിയമിക്കാമെന്നിരിക്കെയാണ് താത്കാലിക ജീവനക്കാരെ ഉപയോഗിക്കുന്നതും അവരെ സ്ഥിരപ്പെടുത്തുന്നതും.
ലൈബ്രറി കൗൺസിൽ ആസ്ഥാനത്ത് 10 എൽ.ഡി ക്ലാർക്ക്, രണ്ട് എൽ.ഡി ടൈപ്പിസ്റ്റ്, ഒരു ഡ്രൈവർ തസ്തികയും ജില്ലാ താലൂക്ക് ലൈബ്രറി കൗൺസിലുകളിൽ 24 ക്ലാർക്ക്, ഏഴ് പ്യൂൺ തസ്തികകളും അടക്കം 44 പേരെ സ്ഥിരപ്പെടുത്താൻ 2011 ൽ അന്നത്തെ ഇടതു സർക്കാർ തീരുമാനിച്ചത്. തുടർന്ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ 2011 ആഗസ്റ്റ് 29ന് അനധികൃതമായി നിയമിച്ച ഇവരെ പിരിച്ചുവിടാൻ ഉത്തരവിട്ടു. എന്നാൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ഇവരെ പിരിച്ചുവിടാതെ 44 പേർക്കും ശമ്പളം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുവാൻ 2007 ജൂൺ 28ന് ചേർന്ന ലൈബ്രറി കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച് സർക്കാരിന്റെ അനുമതിക്കായി അയച്ചിരുന്നു. എന്നാൽ യഥാസമയം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ 44 പേർക്ക് സ്ഥിരജോലി നൽകിയതിന് ശേഷം നിയമനം പി.എസ്.സിക്കു വിട്ടാൽ മതിയെന്ന ശാഠ്യത്തിൽ ലൈബ്രറി കൗൺസിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. . .