തൃശൂർ: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിനെ മറ്റൊരു ബോർഡിലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തയ്യൽ തൊഴിലാളികളുടെ ദീർഘനാളത്തെ ശ്രമഫലമായാണ് തയ്യൽ തൊഴിലാളികൾക്ക് മാത്രമായി ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. ബോർഡിന്റെ പ്രവർത്തനഫലമായി 2017ൽ ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ അംഗീകാരം നേടിയ ബോർഡായി മാറി. ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായും കംപ്യൂട്ടർവത്കരിക്കാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കവേയാണ് നാല് ദിവസം മുമ്പ് തൊഴിൽ മന്ത്രി ബോർഡിനെ മറ്റൊരു ബോർഡിലേക്ക് ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് അടുത്ത മാസം ഏഴിന് സെക്രട്ടേറിയറ്റ് നടയിൽ തയ്യൽ തൊഴിലാളികളുടെ സത്യഗ്രഹ സമരം നടക്കും. ജനുവരി രണ്ടാം വാരത്തിൽ നാല് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി.കെ സത്യശീലൻ, സെക്രട്ടറി എം.കെ പ്രകാശൻ, ജില്ലാ ട്രഷറർ സി.ആർ ജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. . .