തൃശൂർ: സ്ത്രീ തൊഴിലാളികളെ രാത്രി പത്തിന് ശേഷം ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവും ഫാക്ടറി നിയമവും നടപ്പിലാക്കുന്നതിൽ സീതാറാം ടെക്സ്റ്റയിൽസ് മാനേജ്‌മെന്റിന് വിമുഖത. കോടതി വിധി നടപ്പിലാക്കാൻ ഇന്നലെ വരെയാണ് മാനേജ്‌മെന്റ് സമയം ചോദിച്ചത്. എന്നാൽ ഇന്നലെയും പഴയ സമയക്രമത്തിലാണ് മിൽ പ്രവർത്തിച്ചത്.

ഇക്കഴിഞ്ഞ ജനുവരി വരെയും രാത്രി പത്ത് മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ഇവിടെ ജോലിക്ക് നിയോഗിച്ചിരുന്നില്ല. പെട്ടെന്നാണ് സമയക്രമം മാറ്റിയത്. മൂന്ന് ഷിഫ്റ്റുകളിലായാണ് സീതാറാം മിൽ പ്രവർത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്ത് വരെ, രാത്രി പത്ത് മുതൽ പിറ്റേന്ന് രാവിലെ ആറ് വരെ എന്നിങ്ങനെയാണ് ജനുവരി 27 മുതലുള്ള സമയക്രമം. ഇതിനെതിരെ മില്ലിലെ 26 സ്ത്രീ തൊഴിലാളികൾ കോടതിയെ സമീപിച്ചു. സ്ത്രീ തൊഴിലാളികളുടെ പ്രവർത്തന സമയം രാവിലെ ആറ് മുതൽ പത്ത് വരെ പരിമിതപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞ ഏഴ് മാസമായിട്ടും മാനേജ്‌മെന്റ് തയ്യാറായില്ല. രാത്രിയിൽ ജോലി ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള സ്ത്രീകൾ രണ്ട് മണിക്കൂർ നേരത്തെ പോരുകയാണ് കഴിഞ്ഞ ഏഴ് മാസങ്ങളായുള്ള പതിവ്. ഇവരുടെ രണ്ട് മണിക്കൂർ നേരത്തെ ശമ്പളം മാനേജ്‌മെന്റ് കട്ട് ചെയ്യുന്നുമുണ്ട്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സീതാറാം മിൽ മാനേജിംഗ് ഡയറക്ടർ, ഫാക്ടറി ഇൻസ്‌പെക്ടർ എന്നിവരെ സമീപിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടി.വി. ചന്ദ്രമോഹൻ പറഞ്ഞു.

രാത്രിയിൽ ജോലി ചെയ്യാത്ത 26 സ്ത്രീകളുടെ രണ്ട് മണിക്കൂർ ശമ്പളം കഴിഞ്ഞ ഏഴ് മാസത്തിലധികമായി കൊടുത്തിട്ടില്ല. കോടതി വിധി മാനേജ്‌മെന്റ് ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനും മറ്റു പ്രത്യക്ഷ സമരപരിപാടികൾ നടത്താനുമാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. കോടതി വിധിക്കെതിരെ സി.പി.എം അനൂകൂല യൂണിയൻ അപ്പീൽ നൽകാൻ തീരുമാനിച്ചതിനാലാണ് കോടതി വിധി നടപ്പാക്കാതിരിക്കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിചിത്രമായ വാദം. മിൽ അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി ചില വനിതാ തൊഴിലാളികളെ ഇവർ നിർബന്ധിച്ച് രാത്രി ജോലി ചെയ്യിക്കുന്നതായും ആക്ഷേപമുണ്ട്. വി.എ ഷംസുദ്ദീൻ, വിൻസന്റ് ഡി. പോൾ, പി.വി സുനിത, കെ.ആർ രമ്യ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. . .