adharam-kaimarunnu
എയ്യാൽ ഇസ്‌ലാമിക് ദഅവ ചാരിറ്റി ഭാരവാഹികൾ സുഭാഷിണിക്ക് ആധാരം കൈമാറുന്നു.

എരുമപ്പെട്ടി: എയ്യാൽ ഗ്രാമത്തിന്റെ നൻമയിൽ സുഭാഷിണിക്കും മകൾക്കും ഇനി സ്വന്തം വീട്ടിൽ താമസിക്കാം. ജപ്തി ഭീഷണി നിലനിൽക്കുന്ന ഈ നിർദ്ധന കുടുംബത്തെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ജപ്തി നടപടിയെ തുടർന്ന് സ്വന്തം വീടിന്റെ പടിയിറങ്ങാൻ ദിനങ്ങളെണ്ണി കാത്തിരുന്ന വിധവയായ സുഭാഷിണിക്കും മനോവൈകല്യമുള്ള മകൾക്കും എയ്യാൽ ഗ്രാമനിവാസികളുടെ കരുതൽ.

മനസിൽ കാര്യണ്യത്തിന്റെ ഉറവ വറ്റാത്ത ഉദാരമതികൾ കൈകോർത്തപ്പോൾ ഈ നിരാലംബരായ അമ്മയ്ക്കും മകൾക്കും ലഭിച്ചത് സംരക്ഷണവും ജീവിതവുമാണ്. ഹൃദയ രക്തധമനികൾക്ക് അസുഖം ബാധിച്ച് മരിച്ച സുഭാഷിണിയുടെ ഭർത്താവ് എയ്യാൽ രാമാട്ട് ഉണ്ണിക്കൃഷ്ണന്റെ ചികിത്സയ്ക്കായി വീടിന്റെ ആധാരം പണയപ്പെടുത്തി കേച്ചേരി സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയാണ് തിരിച്ചടവ് വീഴ്ചയായതിനെ തുടർന്ന് ജപ്തി നടപടികൾക്ക് ഇടയാക്കിയത്.

മുതലും പലിശയുമടക്കം നാലര ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുണ്ടായിരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ള തനിക്കും, മനോവൈകല്യത്തോടൊപ്പം എല്ല് പൊടിയുന്ന അപൂർവ രോഗമുള്ള മകൾക്കും മരുന്നിനും ഉപജീവനത്തിനുമായി നെട്ടോട്ടമോടുന്ന സുഭാഷിണിക്ക് ഈ ഭീമമായ തുകയെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ഇവരുടെ ദുരിത ജീവിതത്തെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എയ്യാൽ ഇസ്‌ലാമിക് ദഅവ ചാരിറ്റി ഈ കുടുംബത്തിനെ കടക്കെണിയിൽ നിന്നും കരകയറ്റാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

ജനപ്രതിനിധികൾ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ക്ലബ്ബുകളേയും ഉൾപ്പെടുത്തി കുടുംബ സഹായ സമിതി രൂപീകരിച്ചു. ഭാരവാഹികൾ ബാങ്ക് അധികൃതരെ സമീപിച്ച് ഇവരുടെ അവസ്ഥ ബോധ്യപ്പെടുത്തി. അദാലത്ത് വഴി തിരിച്ചടവുള്ള നാലര ലക്ഷം രൂപ 80,000 മായി കുറവ് വരുത്തുകയും ചെയ്തു. തുടർന്ന് വ്യക്തികളിൽ നിന്നും ക്ലബ്ബുകളിൽ, സംഘടനകളിൽ നിന്നും ആവശ്യമായ തുക സ്വരൂപിച്ച് ബാങ്കിലടച്ച് ഇവരുടെ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്ത് നൽകുകയായിരുന്നു.

ആധാര കൈമാറ്റ ചടങ്ങിൽ സമിതി പ്രസിഡന്റ് ഒ.എം. കാസിം, സെക്രട്ടറി അനീഷ് എയ്യാൽ, ട്രഷറർ പി.കെ. രാമകൃഷ്ണൻ, രക്ഷാധികാരികളും പഞ്ചായത്ത് അംഗങ്ങളുമായ കെ.ആർ. സിമി, പി.സി. ഗോപാലകൃഷ്ണൻ, സാംസ്‌കാരിക പ്രവർത്തകൻ രാജൻ എലവത്തൂർ, ദഅവ ഭാരവാഹി കെ.സി. ഷെബീർ എന്നിവർ പങ്കെടുത്തു. അധികമായി ലഭിച്ച 30,000 രൂപയും ചടങ്ങിൽ സുഭാഷിണിക്ക് കൈമാറി. ഈ നിരാശ്രയ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്ന ക്ലബ്ബുകളെയും സംഘടനകളെയും ഇസ്ലാമിക് ദഅവ ചാരിറ്റി ഉപഹാരം നൽകി ആദരിച്ചു. സുഭാഷിണിക്കും മകൾക്കും മരുന്നിനായി മാസത്തിൽ ആയിരം രൂപ ഇസ്ലാമിക്ക് ദഅവ ചാരിറ്റി നൽകി വരുന്നുണ്ട്.