തൃശൂർ: പുതിയ മേയർ ചുമതലയേറ്റെടുക്കുന്നതോടെ പട്ടാളം കുപ്പിക്കഴുത്തിന്റെ കാര്യത്തിൽ തീരുമാനമാകും. മുൻ മേയർമാരായ രാജൻ പല്ലനും അജിത ജയരാജനും കുപ്പിക്കഴുത്ത് പൊട്ടിക്കാൻ നടത്തിയ ശ്രമങ്ങൾ ഇനി ഒരു ഒപ്പു കിട്ടിയാൽ മതിയെന്ന നിലയിലാണ്. പോസ്റ്റ് മാസ്റ്റർ ജനറലിന്റെ (പിഎംജി) ഒപ്പ് ലഭിച്ചെങ്കിൽ മുൻ മേയർ അജിത ജയരാജൻ തന്നെ കുപ്പിക്കഴുത്ത് പൊട്ടിക്കുമായിരുന്നു. ഒപ്പിടുന്നതിന് മുമ്പ് പി.എം.ജി അവധിയിൽ പോയി. തൊട്ടുപിറകെ അജിത ജയരാജനും കസേരയിൽ നിന്നിറങ്ങി.
ഗതാഗതക്കുരുക്ക് ഒഴിവാകും
തെക്കേഗോപുര നടയിൽ നിന്ന് നോക്കിയാൽ ശക്തൻ സ്റ്റാൻഡ് കാണണമെന്ന കാഴ്ചപ്പാട് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടുന്നതോടെ യാഥാർത്ഥ്യമാകും. രാജൻ പല്ലൻ മേയറായിരിക്കുന്ന കാലത്താണ് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള നീക്കം ആരംഭിച്ചത്. ഗതാഗതകുരുക്കിന് പ്രധാന കാരണമായ കുപ്പിക്കഴുത്ത് പൊട്ടിച്ചാൽ എം.ഒ റോഡിലും പരിസരത്തുമുള്ള ഗതാഗത കുരുക്കിന് പരിഹാരമാകും. കുപ്പിക്കഴുത്ത് പൊട്ടിക്കാൻ തടസമായി നിൽക്കുന്ന പോസ്റ്റ് ഓഫീസ് മാറ്റാനുള്ള അനുമതിക്ക് പലതവണ സി.എൻ.ജയദേവൻ എം.പിയടക്കമുള്ളവരുമായി ഡൽഹിയിൽ പോകുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്തു. ഏതാണ്ട് അനുമതി ലഭിക്കുമെന്ന ഘട്ടമായതോടെ കേന്ദ്ര ഭരണം മാറി. പട്ടാളം റോഡ് വികസനം തണുക്കുകയും ചെയ്തു.
കോർപറേഷനിൽ രാഷ്ട്രീയം
രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പട്ടാളം റോഡ് വികസനത്തെ ഇപ്പോഴത്തെ കോർപറേഷൻ ഭരണസമിതി കണ്ടു. സി.പി.ഐക്കാരനായ തൃശൂർ എം.പി സി.എൻ ജയദേവനെ ഒഴിവാക്കി ആലത്തൂർ എം.പിയും സി.പി.എമ്മുകാരനുമായ പി.കെ. ബിജുവിനെ ഉൾപ്പെടുത്തി കോർപറേഷനിലെ ചിലർ നീക്കം നടത്തിയതോടെ സി.പി.ഐയും ഇടഞ്ഞു.
ക്രെഡിറ്റ് സി.പി.എമ്മിനോ സി.പി.ഐക്കോ എന്നുള്ള തർക്കം മൂലം രണ്ടു വർഷത്തോളമായി പട്ടാളം റോഡ് പഴയ പടി തന്നെ നിന്നു. ഒടുവിൽ ഇനി അധികാരത്തിലെത്തുന്ന സി.പി.ഐ മേയറുടെ കാലത്ത് കുപ്പിക്കഴുത്ത് പൊട്ടുമെന്നതാണ് സ്ഥിതി.
ഒടുവിൽ പോസ്റ്റൽ വകുപ്പ് അയഞ്ഞു
3500 ച. അടി വിസ്തീർണത്തിൽ തപാൽ വകുപ്പ് തയ്യാറാക്കുന്ന പ്ലാനിലും എസ്റ്റിമേറ്റിലും എട്ട് മാസത്തിനുള്ളിൽ കോർപറേഷൻ കെട്ടിടം നിർമിച്ച് നൽകണമെന്നും, കെട്ടിടം നിർമിക്കുന്നതിനാവശ്യമായ തുക ബാങ്കിൽ നിക്ഷേപിക്കണമെന്നുമായിരുന്നു യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ കരാർ. കോർപറേഷൻ തപാൽവകുപ്പുമായി കത്തിടപാടുകൾ നടത്തിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് അവർ പിന്നീട് ഒഴിഞ്ഞു. ഇതേത്തുടർന്ന് കോർപറേഷൻ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. തപാൽവകുപ്പ് നിർദ്ദേശിച്ച ആവശ്യങ്ങളെല്ലാം തള്ളിയ കോർപറേഷൻ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി നിലപാട് കടുപ്പിച്ചു. കെട്ടിടം പോസ്റ്റൽ വകുപ്പ് സ്വയം നിർമിക്കണമെന്ന കോർപറേഷന്റെ ആവശ്യം ഒടുവിൽ അവർ അംഗീകരിച്ചു.