തൃശൂർ : പ്രളയക്കെടുതി അനുഭവിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സംസ്ഥാന പട്ടികജാതി വകുപ്പ് 5,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം പാതി വഴിയിൽ നിലച്ചു. ജില്ലയിലെ 21 ബ്ലോക്ക് പട്ടികജാതി ഓഫീസർ മുഖേന 22,456 അപേക്ഷകൾ ജില്ലാ ഓഫീസിൽ ലഭിച്ചിരുന്നെങ്കിലും 5,355 പേർക്ക് മാത്രമാണ് ഇതുവരെ സഹായം ലഭിച്ചത്. ഫണ്ട് തീർന്നതാണ് ധനസഹായ വിതരണം നിലയ്ക്കാൻ കാരണമെന്ന് പട്ടിക ജാതി വികസന ഓഫീസ് അധികൃതർ പറഞ്ഞു. 17,101 പേർക്ക് ഇനിയും സഹായം ലഭിക്കാനുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം അടിയന്തര സഹായമായി ദുരിതാശ്വാസ ക്യാമ്പ് വിട്ട് സ്വന്തം കുടുംബത്തിലേക്ക് പോകുന്ന പട്ടികജാതി കുടുംബങ്ങൾക്കും, സ്വന്തം വീടുകളിൽ തന്നെ പ്രളയക്കെടുതി അനുഭവിച്ചവർക്കും, നഷ്ടം നേരിട്ടവർക്കുമാണ് 5,000 വീതം സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഉത്തരവ് ഇറക്കിയിട്ടും മൂന്ന് മാസമായിട്ടും 17,101 പട്ടികജാതി കുടുംബങ്ങൾക്ക് സഹായം ലഭിച്ചിട്ടില്ല. റേഷൻകാർഡ് , ജാതി സർട്ടിഫിക്കറ്റ് , വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് വിവരം, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാക്ഷ്യപത്രത്തോടെയാണ് അപേക്ഷകർ നൽകിയത്. ഇപ്പോഴും 108 കുടുംബങ്ങൾ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാതിരിക്കുന്നത്. അടിയന്തര ദുരിതാശ്വാസ ധനസഹായം ലഭിക്കാത്ത പട്ടികജാതി കുടുംബങ്ങൾ ഗ്രാമസഭാ യോഗങ്ങളിലും പഞ്ചായത്തുകളിലും പ്രശ്‌നം ഉന്നയിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ജനപ്രതിനിധികളും കൈയൊഴിഞ്ഞതായി ആരോപണമുണ്ട്. പട്ടികജാതി വികസന ഓഫീസുകളിൽ അന്വേഷിക്കുമ്പോൾ ഫണ്ട് വരുമ്പോൾ തരാമെന്ന ഒഴുക്കൻ മറുപടിയാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും , പട്ടികജാതി വർഗ്ഗ വികസന വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിച്ചു. അതോടൊപ്പം പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണിവർ.

ആകെ അപേക്ഷകർ 22,546
വിതരണം ചെയ്തത് 5,355
നൽകിയ തുക 26,77,500
നൽകാനുള്ള കുടുംബങ്ങൾ 17,101
നൽകാനുള്ള തുക 8,55,25,000

സ്വന്തം വീടുകൾ താമസയോഗ്യമല്ലാതായതോടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾ
ചാലക്കുടി 4, ചേർപ്പ് 24, ഇരിങ്ങാലക്കുട 3, മാള 20, മുല്ലശേരി 6, ഒല്ലൂക്കര 5, പഴയന്നൂർ 4, തളിക്കുളം 2, വടക്കാഞ്ചേരി 24, ഇരിങ്ങാലക്കുട 11, കൊടുങ്ങല്ലൂർ 5

സഹായം എത്തിക്കണം

പട്ടികജാതി കുടുംബങ്ങൾക്ക് പ്രളയാനന്തര ധനസഹായവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന 108 പട്ടികജാതി കുടുംബങ്ങൾക്ക് അടിയന്തരമായി വീട് ലഭ്യമാക്കണമെന്ന് പട്ടികജാതി വർഗ്ഗ വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം.എ ലക്ഷ്മണൻ, ഷാജു കിഴക്കൂടൻ, കെ.പി സുരേഷ്, വി.ബി സുരേഷ്, വി.ബി ഷൈൻമാസ്റ്റർ, ബാബു കാളകല്ല് , വി.കെ സുബ്രൻ എന്നിവർ ആവശ്യപ്പെട്ടു.